Fincat

തദ്ദേശ വാര്‍ഡ് വിഭജനം: ജില്ലയില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് തുടങ്ങി

മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍ വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്റെ നേതൃത്വത്തില്‍ ഹിയറിങ് ആരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ രണ്ടു ദിവസങ്ങളിലായാണ് ഹിയറിങ് നടക്കുന്നത്.

1 st paragraph

ആദ്യ ദിവസമായ ബുധനാഴ്ച രാവിലെ 9 ന് ആരംഭിച്ച ഹിയറിങ് രാത്രി വരെ നീണ്ടു. 1484 പരാതികള്‍ ഷെഡ്യൂള്‍ ചെയ്തതില്‍ ഹാജരായ മുഴുവന്‍ പരാതിക്കാരെയും കമ്മീഷന്‍ നേരില്‍കേട്ടു. കൊണ്ടോട്ടി, കുറ്റിപ്പുറം മങ്കട, അരീക്കോട്, കാളികാവ്, നിലമ്പൂര്‍, പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്കുകളിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും തിരുനാവായ പഞ്ചായത്തിലെയും കൊണ്ടോട്ടി, നിലമ്പൂര്‍, മഞ്ചേരി, കോട്ടക്കല്‍ നഗരസഭകളിലെയും പരാതികളാണ് ആദ്യ ദിവസം പരിഗണിച്ചത്. സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുഖേനയും സ്വീകരിച്ച പരാതികളാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേട്ടത്.

നാളെ (ഫെബ്രുവരി 6) യും ഹിയറിങ് തുടരും. രാവിലെ ഒമ്പതിന് മലപ്പുറം, താനൂര്‍ ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, മലപ്പുറം, താനൂര്‍ നഗരസഭകള്‍, രാവിലെ 11 ന് പെരിന്തല്‍മണ്ണ, തിരൂര്‍ ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, പെരിന്തല്‍മണ്ണ, തിരൂര്‍ നഗരസഭകള്‍, ഉച്ചയ്ക്ക് ശേഷം രണ്ടിന് തിരൂരങ്ങാടി, വേങ്ങര, വണ്ടൂര്‍ ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകള്‍ എന്നിവിടങ്ങളിലെയും പരാതികളില്‍ ഹിയറിങ് നടക്കും. ആകെ 1356 പരാതിക്കാരെയാണ് കമ്മീഷന്‍ നാളെ (വ്യാഴം) കേള്‍ക്കുക. രണ്ട് ദിവസങ്ങളിലായി ആകെ 2840 പരാതികളാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്.

2nd paragraph

ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, അസിസ്റ്റന്റ് കളക്ടര്‍ വി.എം ആര്യ, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ് ജോസ്ന മോള്‍, എ.ഡി.എം മെഹറലി എന്‍.എം, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എം. സുനീറ, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ – ജില്ലാ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.