Main Banner

എംവിഡിക്ക് നിര്‍ദേശവുമായി മന്ത്രി ഗണേഷ്, വാഹന ഹോണ്‍ പൂര്‍ണമായി ഈ പ്രദേശങ്ങളില്‍ നിരോധിക്കും; സൈലന്‍റ് സോണാക്കി മാറ്റും

കൊച്ചി: കൊച്ചി നഗരത്തിന്‍റെ ഹൃദയഭാഗമായ മംഗളവനം മുതല്‍ ദർബാർ ഹാള്‍ വരെയുള്ള പ്രദേശങ്ങളെ സൈലന്‍റ് സോണാക്കി മാറ്റുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.ഹൈക്കോടതി, വിവിധ കലാലയങ്ങള്‍, ജനറല്‍ ആശുപത്രി തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന ഈ ഭാഗത്ത് വാഹന ഹോണ്‍ നിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചി കോർപ്പറേഷനുമായി സഹകരിച്ച്‌ തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നല്‍കും.

1 st paragraph

അതേസമയം, എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാന്‍റിന്‍റെ നവീകരണം വേഗത്തിലാക്കുമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ ഭൂഗർഭ പമ്ബുകളും അത്യാധുനിക പമ്ബുകളും ഉള്‍പ്പെടുന്ന ഡിസൈനാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. വൈപ്പിനില്‍ നിന്നുള്ള ബസുകള്‍ക്ക് എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നതിനുള്ള വിലക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച സെക്രട്ടേറിയറ്റില്‍ ഉന്നതതല യോഗം ചേരും.

എറണാകുളത്തേക്ക് വരുന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും എൻഎച്ച്‌ 66 ദേശീയപാതയിലെ റോഡ് നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന ഗതാഗത കുരുക്കില്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അരൂക്കുറ്റി – കൊച്ചി റൂട്ടില്‍ ഉടൻ തന്നെ പ്രത്യേക ബോട്ട് സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം ബോട്ട് ജെട്ടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. യഥാക്രമം 100, 75 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് കറ്റാമറൈൻ ബോട്ടുകളും അഞ്ച് ഡിങ്കി ബോട്ടുകളുമാണ് ജലഗതാഗത വകുപ്പ് പുതുതായി വാങ്ങിയിട്ടുള്ളത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്‍റേതാണ് തോടുകളിലേയും മറ്റും ചളി നീക്കം ചെയ്യുന്നതിനുള്ള സില്‍റ്റ് പുഷർ മെഷീൻ.

2nd paragraph