അപൂര്‍വങ്ങളില്‍ അപൂര്‍വം! ഹര്‍ഷിത് റാണയ്ക്ക് അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ റെക്കോര്‍ഡ്

നാഗ്പൂര്‍: അരങ്ങേറ്റ ഏകദിനത്തില്‍ തന്റെ ആദ്യ ഓവറില്‍ ഹര്‍ഷിത് റാണ 11 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടാം ഓവര്‍ മെയ്ഡിനാക്കി താരം തിരിച്ചുവന്നിരുന്നു.എന്നാല്‍ അടുത്ത ഓവറില്‍ ഫില്‍ സാള്‍ട്ട് 26 റണ്‍സടിച്ചു. ഹര്‍ഷിത് എറിഞ്ഞ ആറാം ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തിയാണ് ഫില്‍ സാള്‍ട്ട് 26 റണ്‍സടിച്ചത്. ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേട് ഹര്‍ഷിതിന്‍രെ തലയിലായി.

എന്നാല്‍ ഹീറോ പരിവേഷത്തോടെയാണ് ഹര്‍ഷിത് ഡ്രെസിങ് റൂമിലേക്ക് തിരിച്ചുകയറിയത്. തൊട്ടടുത്ത സ്‌പെല്ലില്‍ മനോഹരമായി തിരിച്ചുവന്ന് റാണ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയെന്ന് പറയാം. 29 പന്തില്‍ ആറ് ബൗണ്ടറിയടക്കം 32 റണ്‍സെടുത്ത ഡക്കറ്റിനെ ഹര്‍ഷിത് ജയ്സ്വാളിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് ഹാരി ബ്രൂക്കിനെ പൂജ്യത്തിന് പുറത്താക്കിയ താരം ലിയാം ലിവിങ്സ്റ്റണെ അഞ്ച് റണ്‍സിനും മടക്കി. ഇതോടെ ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റ് നേടാന്‍ ഹര്‍ഷിതിന് സാധിച്ചു. ടെസ്റ്റില്‍ ഓസീസിനെതിരെ പെര്‍ത്തിലും ടി20യില്‍ ഇംഗ്ലണ്ടിനെതിരെ പൂനെയിലും ഇപ്പോള്‍ നാഗ്പൂരിലും ഇതാ മൂന്ന് വിക്കറ്റ് നേട്ടം. ഇത്തരത്തില്‍ മൂന്ന് ഫോര്‍മാറ്റിലെ അരങ്ങേറ്റത്തിലും മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമാണ് ഹര്‍ഷിത്.

ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്‌സര്‍ പട്ടേല്‍ (52) എന്നിവരുടെ ഇന്നിംഗ്‌സുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ ആരാധകര്‍ അത്ര സന്തോഷത്തിലല്ല. ആദ്യ ഏകദിനത്തില്‍ നിരാശപ്പെടുത്തുകയായിരുന്നു താരം. കേവലം രണ്ട് റണ്‍സിന് താരം പുറത്തായി. ഏഴ് പന്തുകള്‍ നേരിട്ട രോഹിത്, സാകിബ് മെഹ്മൂദിന്റെ പന്ത് ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്തില്‍ മിഡ് ഓണില്‍ ലിയാം ലിവിംഗ്സ്സ്റ്റണിന്റെ കൈകളിലേക്ക്.