കിണര്‍ വൃത്തിയാക്കാനിറങ്ങി, ദേഹാസ്വാസ്ഥ്യത്താല്‍ കുടുങ്ങി, കരയ്ക്ക് കയറാനായില്ല; രക്ഷകരായെത്തി ഫയര്‍ ഫോഴ്സ്

തിരുവനന്തപുരം: കിണർ വൃത്തിയാക്കാനിറങ്ങി കിണറ്റിനുള്ളില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.ഇന്നലെ ഉച്ചയോടെ പുന്നമൂട് ഹരി എന്നയാളുടെ കിണർ വൃത്തിയാക്കാനെത്തിയ സമീപവാസിയായ സെല്‍സണ്‍ (48 ) ആണ് കിണറ്റില്‍ കുടുങ്ങിയത്. കിണറ്റില്‍ വച്ച്‌ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടതോടെ ഇയാള്‍ക്ക് കരയിലേക്ക് കയറാനായില്ല. പിന്നാലെ വീട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നും ഏഴംഗങ്ങളുള്ള ഫയർ ഫോഴ്സ് സംഘം എത്തി ഉടൻ തന്നെ ഇയാളെ കരയിലെത്തിച്ചു. കിണറ്റില്‍ ശുദ്ധവായു ഉണ്ടായിരുന്നെന്നും സെല്‍സന് ശാരീരിക ബുദ്ധിമുട്ടുകാരണം കയറാനാകാത്തതായിരുന്നെന്നും ഫയർ ഫോഴ്സ് അറിയിച്ചു. നെറ്റും റോപ്പും ഉപയോഗിച്ച്‌ കിണറ്റില്‍ ഇറങ്ങിയാണ് ഇയാളെ കരയിലെത്തിച്ചത്. കരയിലെത്തിയ ശേഷം ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി.