ഹൈസ്കൂള്‍ കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം; അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം

പാലക്കാട്: തൃത്താല ഹൈസ്കൂള്‍ കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം. കെട്ടിടത്തിനരികെ അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം കണ്ടെത്തി.അന്വേഷണം ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതർ തൃത്താല പൊലീസില്‍ പരാതി നല്‍കി.

പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷ നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൃത്താല ഡോ. കെ ബി മേനോൻ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്കൂള്‍ ഓഫീസിന് പിൻവശത്തെ ബസ് ഷഡിൻ്റെ മുകളിലാണ് തീ പടർന്ന് പിടിച്ചത്. ഉടൻ തന്നെ സ്കൂളിലെ പ്രധാനാധ്യാപകനായ രാജേഷ് രാമചന്ദ്രൻ, ഓഫീസ് അറ്റൻഡർ അബ്ദുള്‍ കബീർ, പരിസരവാസികള്‍ എന്നിവർ ചേർന്ന് വെള്ളമൊഴിച്ച്‌ തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ ശ്രമിച്ചു. ഉടൻ തന്നെ പട്ടാമ്ബിയില്‍ നിന്നും രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ പൂർണ്ണമായി അണച്ചു.

തീ അണക്കുന്നതിനിടെ മേല്‍ക്കൂരയില്‍ പാതി കത്തിക്കൊണ്ടിരിക്കുന്ന വിറക് കഷണം കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ ദുരൂഹത വെളിവാകുന്നത്. താഴെ സമീപത്തായി കരിയിലകള്‍ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഈ കെട്ടിടത്തിനരികില്‍ അജ്ഞാതരായ മുവർ സംഘത്തെ സമീപത്ത് ആട് മേയ്ക്കുകയായിരുന്ന വയോധികൻ കാണുകയും ചെയ്തിട്ടുണ്ട്. ഈ വർഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ നടക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉത്തര പേപ്പറുകളും ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളും സൂക്ഷിക്കാറുള്ള മുറിയുടെ തൊട്ടടുത്തായുള്ള തീ പിടിത്തത്തെ സ്കൂള്‍ അധികൃതർ അതീവ ഗൗരവകരമായാണ് കാണുന്നത്. സംഭവത്തില്‍ സ്കൂള്‍ അധികൃതർ അന്വേഷണം ആവശ്യപ്പെട്ട് തൃത്താല പൊലീസില്‍ പരാതി നല്‍കി.