കാറില്‍ 5 പേരുമായി വരുമ്ബോള്‍ കൂറ്റൻ തണല്‍മരം കടപുഴകി, കാര്‍ പൂര്‍ണമായി തകര്‍ന്നു; യാത്രക്കാര്‍ക്ക് അത്ഭുത രക്ഷ
തിരുവനന്തപുരം: നെടുമങ്ങാട് – പനവൂർ റോഡിലെ ചുമടുതാങ്ങിയില്‍ പാതയോരത്ത് നിന്ന തണല്‍മരം കടപുഴകി വീണു. കാറിലും ഇലക്‌ട്രിക് പോസ്റ്റിലേക്കും പതിച്ചെങ്കിലും ആർക്കും പരുക്കില്ല.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ചുമട് താങ്ങി ജംഗ്ഷനില്‍ നിന്നിരുന്ന മരം അപ്രതീക്ഷിതമായി റോഡിലേക്ക് വീണ് അതുവഴിയെത്തിയ കാർ തകർന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അഞ്ചോളം ഇലട്രിക് പോസ്റ്റുകളാണ് അപകടത്തില്‍ ചെരിഞ്ഞത്. ഒരെണ്ണം തകരുകയും ചെയ്തു. ഈ സമയത്ത് റോഡില്‍ മറ്റാരുമുണ്ടായിരുന്നില്ല. അതിനാല്‍ അപകടം ഒഴിവായി.
കൊങ്ങണംകോട് സ്വദേശി ഹക്കിമിന്‍റെ വസ്തുവില്‍ നിന്നും ജോലി കഴിഞ്ഞ് തൊഴിലാളികളുമായി ഓള്‍ട്ടോ കാറില്‍ തിരികെ വരുമ്ബോഴായിരുന്നു അപകടം. ഹക്കിം ആണ് കാറോടിച്ചിരുന്നത്. കാറില്‍ അഞ്ചു പേർ ഉണ്ടായിരുന്നു. കാർ പൂർണമായി തകർന്ന അവസ്ഥയിലാണെങ്കിലും യാത്രക്കാർക്ക് ഗുരുതര പരിക്കുകളൊന്നുമില്ലെന്നത് ആശ്വാസമാണ്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ടാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്. പാതയോരത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യത്തിനു നേരെ അധികൃതർ മുഖം തിരിച്ചു നില്‍ക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്.