ആശ്വാസം, ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

മലപ്പുറം: മലപ്പുറം തേള്‍ പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേള്‍ പാറ കുറുംമ്ബ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടിപ്പെട്ടത്.ജനവാസ മേഖലയില്‍ ഇറങ്ങി ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കരടിയെ പിടിക്കാൻ കൂട് വച്ചത്. നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വനംമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ഇന്ന് ചേരും. വനംവകുപ്പ് ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. ഇന്നലെ മാത്രം മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് മരിച്ചത്. വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വനമേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്താനാണ് നീക്കം. ഒപ്പം, തദ്ദേശീയരായ നാട്ടുകാരും യുവാക്കളും അടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രൈമറി റെസ്‌പോന്‍സ് ടീമിനെയും പട്രോളിംഗിന് ഉപയോഗിക്കും.

അതേസമയം, എറണാകുളം കോതമംഗലത്ത് കടുവ ആക്രമണം നടന്ന സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. കടുവയുടെ സാന്നിദ്ധ്യം വനത്തിനുള്ളില്‍ മാത്രമെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നതിനാല്‍ കൂടുവച്ച്‌ പിടികൂടാൻ കഴിയില്ലെന്ന് മലയാറ്റൂർ ഡിഎഫ്‌ഒ പറഞ്ഞു. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിക്കു സമീപം കോട്ടപ്പാറ പ്ലാന്റേഷനിലാണ് കടുവ പശുവിനെ ആക്രമിച്ച്‌ കൊന്നത്. അടിക്കാട് വെട്ടിനീക്കുമെന്നും, ഫെൻസിംഗ് നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും ഡിഎഫ്‌ഒ പറഞ്ഞു. പിണ്ടിമന, കോട്ടപ്പടി, വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തിയാണ് കടുവ സാന്നിധ്യം സ്ഥിരീകരിച്ച പ്ലാന്റേഷൻ. പശുവിന്റെ ജഡാവശിഷ്ടം ഭക്ഷിക്കാൻ ഇടയ്ക്കിടെ കടുവ എത്തുന്നതും, ആനക്കൂട്ടം തമ്ബടിക്കുന്നതും വനംവകുപ്പിന്റെ ക്യാമറയില്‍ പതിയുന്നുണ്ട്. കടുവ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്.