പ്രശസ്ത ഫിലിപ്പിനോ ഷെഫ് മാര്‍ഗരിറ്റ ഫോറെസ് അന്തരിച്ചു
പ്രശസ്ത ഫിലിപ്പിനോ ഷെഫ് മാർഗരിറ്റ ഫോറെസ് (65) അന്തരിച്ചു. ഹോട്ടല്‍ മുറിയില്‍ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ ഫോറസിനെ കണ്ടെത്തിയത്.ഫിലിപ്പിനോ പാചക രീതി ആഗോള തലത്തില്‍ എത്തിച്ച വനിതാ ഷെഫ് ആണ് മാർഗരിറ്റ ഫോറസ്. ഇവരുടെ മകനും ബിസിനസ് പങ്കാളിയുമായി അമാഡോ ഫോറസാണ് അമ്മയുടെ മരണവിവരം ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ‘പ്രിയ സുഹൃത്തുക്കളേ, അതീവ ദുഃഖത്തോടെയാണ് ഞാൻ ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. എന്റെ അമ്മ മാർഗരിറ്റ ഫോറസ് അന്തരിച്ചു. അമ്മയുടെ വിയോഗത്തില്‍ ഞാനും എന്റെ കുടുംബാംഗങ്ങളും അതീവ ദുഃഖിതരാണ്. ഈ സമയത്ത് എല്ലാവരുടെയും പ്രാർത്ഥന ഞങ്ങള്‍ക്കൊപ്പം വേണം. കൂടുതല്‍ വിവരങ്ങള്‍ നിങ്ങളുമായി കൃത്യസമയത്ത് ഞങ്ങള്‍ പങ്കുവെക്കുന്നതാണ്. നന്ദിയോടെ അമാഡോ.’ഇങ്ങനെയാണ് അമാഡോ പോസ്റ്റില്‍ കുറിച്ചത്.
അതേസമയം മരണകാരണം വ്യക്തമല്ല. തൈറോയ്ഡ് ക്യാൻസർ ഉള്‍പ്പെടെ ഫോറസ് മൂന്ന് തവണ ക്യാൻസറിനെ അതിജീവിച്ചതായി റിപോർട്ടുകള്‍ പറയുന്നു. പാചക വ്യവസായത്തിന്റെ കണ്ടുപിടുത്തകാരിയായ മാർഗരിറ്റ ഫോറസ് ഫിലിപ്പീൻസിലാണ് ജനിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം ന്യൂയോർക്കിലേക്ക് താമസം മാറി. ശേഷം ഇറ്റലിയിലേക്ക് പോയ ഫോറസ് 1997ല്‍ അവിടെ സിബോ എന്ന റെസ്റ്റാറന്റ് തുറന്നു. ന്യാമായ വിലക്കാണ് ഫോറസ് ഇറ്റാലിയൻ വിഭവങ്ങള്‍ നല്‍കിയിരുന്നത്. അന്ന് മുതല്‍ പാസ്ത, പിസ്സ ശൃംഖലയായി മാറിയ റെസ്റ്റാറന്റ് ഫിലിപ്പീൻസില്‍ ഏതാണ്ട് 30 ഓളം സ്ഥലങ്ങളിലായി ഇന്ന് വ്യാപിച്ചിരിക്കുന്നു. 2016ല്‍ ഏഷ്യയിലെ മികച്ച വനിതാ ഷെഫിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
ഉയർന്ന നിലവാരത്തിലുള്ള ഇറ്റാലിയൻ, ഫിലിപ്പീൻ പാചക രീതിയോടുള്ള പ്രതിബദ്ധതയിലൂടേയാണ് മാർഗരിറ്റ ഫോറസ് അറിയപ്പെടുന്നത്. ജൈവ ചേരുവകള്‍ ഉപയോഗിച്ചാണ് ഫോറസ് തന്റെ പാചകത്തില്‍ വൈവിധ്യങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. നിരവധി അന്താരാഷ്ട്ര ടിവി പരിപാടികളില്‍ ഫോറസ് പങ്കെടുത്തിട്ടുണ്ട്.