വട്ടിപ്പലിശാ സംഘത്തിൻ്റെ വ്യാജ പരാതിയിൽ സിറ്റി സ്കാനെതിരെ കേസ്; നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് മാനേജ്മെൻ്റ് 

തിരൂർ : അനധികൃത പലിശ ഇടപാടുകാർക്കെതിരെ വാർത്താ പരമ്പര പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ സിറ്റി സ്കാൻ ന്യൂസിനെതിരെ കേസെടുത്ത് പൊലീസ് . അതേ സമയം വട്ടിപ്പലിശാ സംഘം നിരന്തരമായ ആക്രമണമാണ് സിറ്റി സ്കാൻ മീഡിയക്കെതിരെയും സ്റ്റാഫുകൾക്കെതിരെയും നടത്തിയിട്ടുള്ളത്. ഈ പരാതിയും അനുബന്ധ കേസുകളും നടന്നു വരി കേയാണ് പ്രതിരോധിക്കാനായി പലിശാസംഘം നൽകിയ വ്യാജ പരാതിയിൽ കേസെടുത്തിരിക്കുന്നത്.

വട്ടിപ്പലിശാ സംഘത്തിൽ ഉൾപ്പെട്ട പ്രതികൾ സമൂഹത്തിലെ ഉന്നതരുടെ ബിനാമികളും, രാഷ്ട്രീയ സ്വാധീനമുള്ളവരുമാണ്. ഈ ബന്ധങ്ങൾ ദുരുപയോഗം ചെയ്താണ് കെട്ടിച്ചമച്ച പരാതിന്മേൽ ഇപ്പോൾ കേസെടുപ്പിച്ചിട്ടുളളത്. സംഭവത്തിലെ നീതി നിഷേധത്തിനെതിരെ ബന്ധപ്പെട്ട വകുപ്പുകളിൽ തുടർ പരാതി നൽകുമെന്നും, രാഷ്ട്രീയ-കൊള്ളപ്പലിശാ കൂട്ടുകെട്ടിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും മാനേജ്മെൻ്റ് അറിയിച്ചു.

കൊള്ള പലിശാ സംഘങ്ങളുടെ ഭീഷണിക്കു മുന്നില്‍ ജീവിതം ഹോമിക്കപ്പെട്ട നിരവധി കുടുംബങ്ങളുടെ പരാതിയും ദയനീയതയും സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുന്നതായിരുന്നു ‘സിറ്റിസ്‌കാന്‍ പുറത്തുവിട്ട വാർത്താപരമ്പര. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രസ്തുത സംഘം നേരത്തെ ഞങ്ങളെ ബന്ധപ്പെടുകയും പല ഓഫറുകളും നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു വഴങ്ങാതെ വന്നതോടെയാണ് സിറ്റി സ്കാൻ മാധ്യമ സ്ഥാപനത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ ഭീഷണിയും വ്യാജ പ്രചാരണവും നടത്തികൊണ്ടിരിക്കുന്നത്. എന്നാൽ ചില വ്യക്തികളും മാധ്യമങ്ങളും ഇവരുടെ സ്വാധീനത്തിൽ വഴങ്ങി സിറ്റി സ്കാനെതിരെ വ്യാജ പ്രചാരണം നടത്തി വരുന്നുണ്ട്. ഇവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

2024 ജനുവരി 31 ന് സിറ്റിസ്‌കാന്‍ പ്രിന്റ് എഡിഷനില്‍ ആരംഭിച്ച ‘രക്തം കുടിക്കും കൊള്ള പലിശാ സംഘങ്ങള്‍’ എന്ന പരമ്പരയുടെ തുടര്‍ വാര്‍ത്തകള്‍ സിറ്റിസ്‌കാന്‍ ഓണ്‍ലൈന്‍ എഡിഷനുകളിലും തുടർന്നുള്ള പ്രിന്റ് എഡിഷനിലുമാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഒരു പെണ്‍കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സംശയ നിഴലില്‍ നില്‍ക്കുന്ന പലിശാ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദമ്പതികളെ കുറിച്ച് കൃത്യമായ സൂചനകള്‍ നല്‍കുന്നതായിരുന്നു വാര്‍ത്ത. പിന്നീടുള്ള പരമ്പരയിൽ കൊള്ളപ്പലിശയുടെ ഇരകളായ വിവിധ ആളുകളെ ഞങ്ങൾ പരിചയപ്പെടുത്തിയിരുന്നു.

ചില രാഷ്ട്രീയ കൂട്ടുകെട്ടുകളും സമൂഹത്തിൽ ഉന്നതരായ പലരുടെയും ബിനാമി ആണെന്നതാണ് ഈ പലിശാ സംഘങ്ങളുടെ പിൻബലം. ഇവർക്കെതിരെ ആരെങ്കിലും പരാതിപ്പെടുകയോ എതിർശബ്ദം ഉയർത്തുകയോ ചെയ്താൽ കളളക്കേസിൽ കുടുക്കുമെന്നും ജീവൻ തന്നെ ഇല്ലാതാക്കുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. ചില പ്രാദേശിക മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുമെന്നും ഇവർ മുമ്പ് ഭീഷണി മുഴക്കിയിരുന്നു. ഈ പലിശാ സംഘത്തിനെതിരെ പരാതി നൽകിയവർക്കെതിരെ വാർത്ത നൽകണമെന്നും അതിന് പണം നൽകാമെന്നും പറഞ്ഞ് സിറ്റി സ്കാൻ അധികൃതരെയും ഇവർ സമീപിച്ചിരുന്നു. എന്നാൽ തുടക്കം മുതൽ ഇതു നിരസിച്ചതോടെയാണ് ഇവരുടെ ശത്രു ലിസ്റ്റിൽ സിറ്റി സ്കാൻ മീഡിയയും ഇടം പിടിച്ചത്.

നിരവധി കുടുംബങ്ങള്‍ പൊലീസില്‍ ഇവർക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഉന്നതബന്ധവും സ്വധീനവും ഉപയോഗിച്ച് പലതും തേച്ച് മായ്ച്ച് കളയുകയാണ്. ഇവര്‍ പലിശ ഇടപാടിനായി സ്ത്രീകളെയാണ് സ്ഥിരം തെരഞ്ഞടുത്തിരുന്നത്. നിരവധി കുടുംബങ്ങള്‍ ഇവരുടെ കൊളള പലിശാ ചതിയില്‍ കുടുങ്ങിയിട്ടുണ്ട്. ഈ സംഭവം സിറ്റിസ്‌കാന്‍ വാര്‍ത്തയില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. ഇവർ മുൻകൂട്ടി വാങ്ങുന്ന ബ്ലാങ്ക് പേപ്പറുകളും ചെക്കും ഉപയോഗിച്ചാണ് മറ്റു പല വ്യക്തികളെ ഉപയോഗിച്ച് ഓരോ കുടുംബങ്ങൾക്കെതിരെയും പൊലീസിൽ വ്യാജ പരാതികൾ കൊടുപ്പിച്ചിരുന്നത്. ഇതോടെ പലിശക്കാർക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്ന ബാർഗയ്നുകളായിരിക്കും. കൂടാതെ പരാതിക്കാരുടെ വീടുകളിലും ബന്ധുവീടുകളിലും പരിചയക്കാരിലും വരെ എത്തി ഭീഷണി മുഴക്കും. തീർന്നില്ല, ആരോടെങ്കിലും ഇടഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ അവരെയും കണ്ട് പരാതിക്കാർക്കെതിരെ തിരിക്കും. ഇതൊക്കെയാണ് ഇവരുടെ പതിവ് രീതികൾ.

ഇവർക്കെതിരെയുള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ സിറ്റി സ്കാൻ നേരിടുന്നതും സമാന ഭീഷണികളാണ്. സിറ്റി സ്കാനും അതിൻ്റെ സാരഥികൾക്കും എതിരെയുള്ള കുപ്രചാരണങ്ങളിൽ മാന്യ വായനക്കാർ വഞ്ചിതരാവരുത്. കേരളത്തിനകത്തും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളുടെ പി.ആർ, പരസ്യ ഏജൻസിയായ സിറ്റി സ്കാൻ മീഡിയ പ്രാദേശിക പ്രിൻ്റ് പത്രം , വാർത്താ വെബ് പോർട്ടൽ, യൂട്യൂബ് ചാനൽ തുടങ്ങിയ സംവിധാനങ്ങൾ നടത്തിവരുന്ന മാധ്യമ സ്ഥാപനമാണ് . 22 രാജ്യങ്ങളിലായി നിലവിൽ സിറ്റി സ്കാൻ ന്യൂസ് പോർട്ടലിൽ വായനക്കാരുണ്ട്. അനുദിനം വളർന്നു കൊണ്ടിരിക്കുന്ന സിറ്റി സ്കാൻ സാധാരണക്കാരുടെ നാവും ശബ്ദവുമായി പ്രവർത്തിക്കുകയെന്നത് ഞങ്ങളുടെ സ്ഥാപിത പോളിസിയാണ്. തുടർന്നും രാഷ്ട്രീയ, ജാതി, മത വിവേചനമില്ലാതെ അടിച്ചമർത്തപ്പെടുന്നവൻ്റെ നാവായി നിർഭയമായി മുന്നോട്ടു പോകുകയെന്ന അടിസ്ഥാന പോളിസിയിൽ യാതൊരു വിധ സന്ധിയും വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സിറ്റി സ്കാൻ മാനേജിംഗ് എഡിറ്റർ എം.പി റാഫി പറഞ്ഞു.