ചാമ്ബ്യൻസ് ട്രോഫിക്ക് തൊട്ടുമുമ്ബ് രോഹിത്തിന്‍റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ

മുംബൈ: ചാമ്ബ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാവി സംബന്ധിച്ച്‌ നിർണായക തീരുമാനവുമായി ബിസിസിഐ.രോഹിത് ശർമ്മയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കേണ്ടെന്നും പേസര്‍ ജസ്പ്രീത് ബുമ്രയെ പുതിയ നായകനായി നിയമിക്കാനും ബിസിസിഐ തീരുമാനിച്ചതായി വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു.

പരിക്കില്‍ നിന്ന് മുക്തനാവാനുള്ള ചികിത്സക്കായി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയില്‍ കഴിയുന്ന ബുമ്രയായിരിക്കും ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നായകനാകുക. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുമ്ര മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യൻ ക്യാപ്റ്റനായിട്ടുണ്ട്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടുനിന്നപ്പോള്‍ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലിറങ്ങിയി ഇന്ത്യ ജയത്തുടക്കമിട്ടിരുന്നു. 295 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് പെര്‍ത്തില്‍ ഇന്ത്യ നേടിയത്. പരമ്ബരയിലെ അവസാന ടെസ്റ്റില്‍ നിന്ന് മോശം ഫോമിനെ തുടര്‍ന്ന് രോഹിത് മാറി നിന്നപ്പോഴും ബുമ്രയായിരുന്നു ഇന്ത്യയെ നയിച്ചത്. സിഡ്നിയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്ക് വിജയസാധ്യത ഉണ്ടായിരുന്നെങ്കിലും ജസ്പ്രീത് ബുമ്ര പരിക്കേറ്റ് കയറിയതോടെ ഇന്ത്യ മത്സരം തോറ്റിരുന്നു. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റിലും മുമ്ബ് ബുമ്ര ഇന്ത്യയെ നയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയും ഐപിഎല്ലും കണക്കിലെടുത്താണ് പരിക്ക് പൂര്‍ണമായും ഭേദമാകാത്ത ബുമ്രയെ തിരക്കിട്ട് ചാമ്ബ്യൻസ് ട്രോഫിയില്‍ കളിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനമെടുത്തതെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയശേഷം കളിച്ച എട്ട് ടെസ്റ്റുകളില്‍ രോഹിത് ശര്‍മ ആകെ നേടിയത് 10.9 ശരാശരിയില്‍ 164 റണ്‍സ് മാത്രമാണ്. മോശം ഫോം ബാധ്യതയായതോടെ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ നിന്ന് സ്വയം വിട്ടു നില്‍ക്കാന്‍ സന്നദ്ധനായെങ്കിലും താന്‍ വിരമിച്ചിട്ടില്ലെന്ന് പിന്നാലെ രോഹിത് വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ഹോം പരമ്ബരയില്‍ തൂത്തുവാരപ്പെട്ടപ്പോള്‍ ഓസ്ട്രേലിയക്കെതിരായ പരമ്ബരയും നഷ്ടമാക്കി ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിലെത്തുന്നതിലും പരാജയപ്പെട്ടിരുന്നു.