മതവിദ്വേഷ കുറ്റത്തിന് നിര്‍ബന്ധമായും ജയില്‍ ശിക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ പരമാവധി മൂന്ന് വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷ. പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ധിപ്പിച്ചിരുന്നില്ല. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് വാക്കാലുള്ള പരാമര്‍ശം.

കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിന് പിഴയടച്ച് രക്ഷപ്പെടാന്‍ അവസരമുണ്ട്. മതവിദ്വേഷ കുറ്റത്തിന് നിര്‍ബന്ധമായും ജയില്‍ ശിക്ഷ ഉറപ്പുവരുത്തണം. ഇതൊരു മതേതര രാജ്യമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

അതേസമയം ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ടെടുത്ത കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹര്‍ജി പറയുന്നതിനായി മാറ്റി. പി സി ജോര്‍ജിന്റെ മുന്‍ വിദ്വേഷ പരാമര്‍ശ കേസുകളുടെ വിശദാംശങ്ങളും സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു.