‘ഇന്ത്യയുടെ കൈയില്‍ ഇഷ്ടം പോലെ പണമുണ്ട്, പിന്നെന്തിന് നമ്മള്‍ കൊടുക്കണം’; ഫണ്ട് വെട്ടിയതില്‍ വിശദീകരണവുമായി ട്രംപ്

ദില്ലി: ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിയിരുന്ന ഫണ്ട് നിർത്തലാക്കിയതില്‍ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.കുതിച്ചുയരുന്ന സമ്ബദ്‌വ്യവസ്ഥയും ഉയർന്ന നികുതി നിരക്കുമുള്ള രാജ്യത്തിന് സാമ്ബത്തിക പിന്തുണയുടെ ആവശ്യകത എന്തെന്ന് ട്രംപ് ചോദിച്ചു. ഇന്ത്യയിലെ വോട്ടർമാരെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി 21 മില്യണ്‍ ഡോളർ യുഎസ് ധനസഹായത്തെ ട്രംപ് കടുത്ത രീതിയില്‍ വിമർശിച്ചു. ഞങ്ങള്‍ ഇന്ത്യയ്ക്ക് 21 മില്യണ്‍ ഡോളർ നല്‍കുന്നത് എന്തിനാണ്? അവർക്ക് ധാരാളം പണമുണ്ട്. നമുക്ക് മേല്‍ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവരുടെ താരിഫ് വളരെ കൂടുതലായതിനാല്‍ ഞങ്ങള്‍ക്ക് അവിടെ പ്രവേശിക്കാൻ പ്രയാസമാണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്. പക്ഷേ വോട്ടർമാരുടെ വോട്ടിനായി 21 മില്യണ്‍ ഡോളർ എന്തിന് നല്‍കുന്നുവെന്നും ട്രംപ് പറഞ്ഞു.

ശതകോടീശ്വരൻ എലോണ്‍ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവണ്‍മെൻ്റ് എഫിഷ്യൻസി (DOGE) ഇന്ത്യയിലെ വോട്ടർ പങ്കാളിത്ത സംരംഭം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപ് രംഗത്തെത്തിയത്. ഫെബ്രുവരി 16-ന്, അനാവശ്യ ചെലവുകളെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഡോജ് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

പിന്നാലെ പ്രതികരണവുമായി ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി. അമേരിക്കയുടെ ഫണ്ടിങ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബാഹ്യ ഇടപെടലിൻ്റെ ഉദാഹരണമാണെന്നും ഇതില്‍ നിന്ന് ഭരണകക്ഷിക്ക് നേട്ടമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മാളവ്യ പോസ്റ്റ് ചെയ്തു.