രഞ്ജി ട്രോഫി ജിയോ ഹോട്ട്സ്റ്റാറില്‍ കാണുന്ന തത്സമയ കാഴ്ചക്കാരില്‍ വന്‍ വര്‍ധനവ്

രഞ്ജിട്രോഫി സെമിപോരാട്ടം പുരോഗമിക്കുകയാണ്. കേരളം ഗുജറാത്തിനെ നേരിടുമ്പോള്‍ മുംബൈ വിദര്‍ഭയെ നേരിടുന്നു. അഞ്ച് ദിനങ്ങളുടെ ടെസ്റ്റ് മത്സരത്തില്‍ മൂന്നാം ദിനത്തിന്റെ അവസാനത്തിലേക്കടുത്തപ്പോള്‍ ഇരു മത്സരവും ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. കേരളത്തിന്റെ 457 എന്ന ഒന്നാം ഇന്നിങ്സ് സ്‌കോറിലേക്ക് ബാറ്റ് വീശുന്ന ഗുജറാത്ത് ഇതിനകം 373 ന് ഏഴ് എന്ന നിലയിലാണ്.

ശേഷിക്കുന്ന സമയത്ത് കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ ഗുജറാത്തിന് മറികടക്കാനായാല്‍ ഗുജറാത്ത് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യും. കേരളത്തിന് ഗുജറാത്തിനെ അതിന് മുമ്പ് പ്രതിരോധിക്കാനായാല്‍ കേരളം ഫൈനലിലെത്തും. സ്‌കോറില്‍ സമനിലയാണെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് ലീഡില്‍ ഗുജറാത്താകും ഫൈനലിലേക്ക് കടക്കുക.

2019 ന് ശേഷം ആദ്യമായി സെമിഫൈനലിലെത്തുകയാണ് കേരളം. ഇതുവരെയുള്ള രഞ്ജി ട്രോഫി ചരിത്രത്തിലും ഇതുവരെ കേരളം ഫൈനലിലെത്തിയിട്ടില്ല. ഈ ആവേശം കേരളത്തിലെ ക്രിക്കറ്റ് ആരാധകരിലുമുണ്ടായി എന്നതാണ് ജിയോ ഹോട്ട്സ്റ്റാറിലെ തത്സമയ വ്യൂസിലും കാണുന്നുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിലുള്ള കാഴ്ചക്കാര്‍ ജിയോ ഹോട് സ്റ്റാറില്‍ എപ്പോഴുമുണ്ട്. ഇതിന് മുമ്പ് രോഹിത്, വിരാട് കോഹ്ലി തുടങ്ങിയവര്‍ രഞ്ജി ട്രോഫി മത്സരത്തിലേക്ക് തിരിച്ചുവന്ന മത്സരത്തില്‍ മാത്രമാണ് ഇതുപോലെ മികച്ച തത്സമയ കാഴ്ചക്കാരുണ്ടായിരുന്നത്.