സംരംഭങ്ങള്‍ക്ക് കൈത്താങ്ങായി വ്യവസായ ഏകജാലക അനുമതി ബോര്‍ഡ് ; 24 സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി
സംരംഭങ്ങള്‍ക്ക് വിവിധ അനുമതികള്‍ ലഭ്യമാക്കുന്നതിനുള്ള വ്യവസായ ഏകജാലക അനുമതി ബോര്‍ഡ് യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 45 അപേക്ഷകള്‍ പരിഗണിച്ചതില്‍ 24 സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി. ശേഷിക്കുന്ന അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉടന്‍ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി . മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അനുമതികള്‍ക്കായി സമര്‍പ്പിച്ച എട്ട് സംരംഭങ്ങള്‍ക്കും കൃഷിവകുപ്പിലെ വിവിധ അനുമതികള്‍ക്കായി സമര്‍പ്പിച്ച അഞ്ച് സംരംഭങ്ങള്‍ക്കും അനുമതി നല്‍കി. തദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ വിവിധ അനുമതികള്‍ക്കായി സമര്‍പ്പിച്ചിരുന്ന മൂന്ന് അപേക്ഷകളും ഭക്ഷ്യ സുരക്ഷാവകുപ്പുമായി ബന്ധപ്പെട്ട നാല് അപേക്ഷകളും തീര്‍പ്പാക്കി. കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് ദീര്‍ഘകാലമായി കാത്തിരുന്ന നിലമ്പൂരിലെ റഹ്‌മത്ത് പെയിന്റ്സ് എന്ന സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനും ഗ്രാമപഞ്ചായത്ത് അനുമതികള്‍ക്കായി ദീര്‍ഘകാലമായി കാത്തിരുന്ന പൊന്നാനിയിലെ എസ്.ആര്‍.ബി അല്‍ഗൂബ് എന്ന സ്ഥാപനത്തിന് ഏകജാലക അനുമതി ബോര്‍ഡ് നേരിട്ട് നല്‍കുന്നതിനും തീരുമാനിച്ചു.
ഇതിനോടൊപ്പം സംഘടിപ്പിച്ച ജില്ലാതല പരാതി പരിഹാര കമ്മറ്റി യോഗത്തില്‍ ലഭ്യമായ 10 പരാതികളില്‍ ആറ് എണ്ണം തീര്‍പ്പാക്കുന്നതിനും ശേഷിക്കുന്ന അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കുവാനും വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പരാതികളുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സംരംഭങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പാടില്ലെന്നും അപ്രോയോഗികമായ വ്യവസ്ഥകള്‍ നിര്‍ദേശിക്കരുതെന്നും ജില്ലാ കളക്ടര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പരാതികള്‍ ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വിദഗ്ധ സ്ഥാപനങ്ങളുടെ അഭിപ്രായം തേടി മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്നും അടിസ്ഥാനമില്ലാത്ത പരാതികള്‍ തള്ളിക്കളയണമെന്നും ജില്ലാ കളക്ടര്‍ കൂട്ടിചേര്‍ത്തു.
വ്യവസായ ഏകജാലക അനുമതി ബോര്‍ഡിന്റെ പ്രവര്‍ത്തനം ജില്ലയിലെ സംരംഭകര്‍ക്ക് വലിയ സഹായകരമാണെന്ന് യോഗത്തില്‍ പങ്കെടുത്ത സംരംഭക പ്രതിനിധികള്‍ അറിയിച്ചു. ഏകജാലക അനുമതി ബോര്‍ഡിലേക്ക് അപേക്ഷ നല്‍കാന്‍ താല്പര്യം ഉള്ളവര്‍ കെ സ്വിഫ്റ്റ് ഓണ്‍ലൈന്‍ സംവിധാനം മുഖേനയോ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ഉള്ള ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായോ താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസുകളുമായോ ബന്ധപ്പെട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.