ഗൂഗിള്‍ പേയില്‍ ഈ ഇടപാടുകള്‍ക്ക് ഇനി ഫീസ്
രാജ്യത്തെ പ്രധാനപ്പെട്ട യുപിഐ പ്ലാറ്റ്ഫോമായ ഗൂഗിൾ പേയിൽ ബിൽ പേയ്മെന്റുകൾക്ക് കൺവീനിയൻസ് ഫീ വരുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള യൂട്ടിലിറ്റി ബിൽ പെയ്മെന്റുകൾക്കാണ് അധിക പണം നൽകേണ്ടി വരിക.
വൈദ്യുതി ബിൽ, വാട്ടർ, പാചകവാതക ബിൽ എന്നീ ഇടപാടുകളിൽ ഇടപാട് തുകയുടെ 0.50ശതമാനം മുതൽ ഒരു ശതമാനം വരെയാണ് കൺവീനിയൻസ് ഫീ ഈടാക്കുക. ഇതിനൊപ്പം ജിഎസ്ടിയും നൽകേണ്ടി വരും. എന്നാൽ യുപിഐയിൽ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നൽകേണ്ടതില്ല.
പേടിഎമ്മിൽ 1-40 രൂപ വരെയാണ് ചാർജ്. മൊബൈൽ റീചാർജുകൾക്ക് 3 രൂപ കൺവീനിയൻസ് ഫീസ് ഗൂഗിൾ പേ നേരത്തെ ഈടാക്കുന്നുണ്ട്.
ക്രഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ് നികത്താൻ കൺവീനിയൻസ് ഫീസ് കമ്പനികളെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ഏറ്റവും വലിയ യുപിഐ പ്ലാറ്റ്ഫോമായ ഫോൺപേയിൽ നേരത്തെ തന്നെ ഇത്തരം ഇടപാടുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കുന്നുണ്ട്.
37 ശതമാനം വിപണി വിഹിതവുമായി രാജ്യത്ത് രണ്ടാം സ്ഥാനാണ് ഗൂഗിൾ പേ. ജനുവരി മാസത്തിൽ 8.26 ലക്ഷം കോടി രൂപയുടെ യുപിഐ
ഇടപാടുകളാണ് ഗൂഗിൾ പേയിൽ നടന്നത്. ഒന്നാമത് ഫോൺപേയാണ്. യുപിഐയുടെ ജനപ്രീതിക്കിടയിലും വരുമാനം ഉണ്ടാക്കുന്നതിൽ ഫിൻടെക് കമ്പനികൾ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
പിഡബ്ല്യുസിയുടെ അനാലിസിസ് അനുസരിച്ച്, വ്യക്തികളും മെർച്ചന്റും തമ്മിലുള്ള ഇടപാട് പ്രൊസസ് ചെയ്യുന്നത് തുകയുടെ 0.25 ശതമാനം ചെലവ് കമ്പനികൾക്കുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ 12,000 കോടി രൂപയാണ് യുപിഐ ഇടപാട് പ്രൊസസ് ചെയ്യുന്നതിന് കമ്പനികൾ ചെലവാക്കിയത്.