മലപ്പുറത്ത് വനിതാ കമ്മീഷന്‍ സിറ്റിങ് പൂര്‍ത്തിയായി: 41 പരാതികള്‍ പരിഗണിച്ചു

മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാ മണിയുടെ നേതൃത്വത്തില്‍ മലപ്പുറം ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ 41 പരാതികള്‍ പരിഗണിച്ചു. 9 കേസുകള്‍ തീര്‍പ്പാക്കുകയും ബാക്കി 32 കേസുകള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചുക്കുകയും ചെയ്തു. കഴിഞ്ഞ സിറ്റിങില്‍ പൊലീസ് റിപ്പോട്ടിനായി അയച്ച കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

ഗാര്‍ഹിക പീഡന പരാതികളില്‍ കോടതികളില്‍ നിലവിലുള്ള കേസുകളാണ് പരിഗണനക്ക് വന്നതിലധികവും. കോടതി ഉത്തരവുണ്ടായിട്ടും ചിലവിന് നല്‍കുന്നില്ല എന്ന കേസുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഭര്‍ത്താവിന്റെ ബന്ധുവില്‍ നിന്നും പീഡനം നേരിടുന്ന കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. കേസുകളില്‍ മിക്കതിലും ഒരു കക്ഷി ഹാജരാവാത്തതിനാല്‍ തീര്‍പ്പാക്കാനാവതെ അടുത്ത സിറ്റിങിലേക്ക് മാറ്റിയതായി കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാ മണി പറഞ്ഞു. അഡ്വ. ബീന കരുവാത്ത്, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.