രഞ്ജി ട്രോഫിയില്‍ ആന്‍റി ക്ലൈമാക്സ്; ഗുജാറാത്തിന് 9 വിക്കറ്റ് നഷ്ടം, ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരിഞ്ഞ പോരാട്ടം

അഹമ്മദാബാദ്: രഞ്ജി ട്രോഫി ആവേശപ്പോരില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് അഞ്ചാം ദിനം തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമാതോടെ 452-9 എന്ന സ്കോറിലാണിപ്പോള്‍. ഒന്നാം ഇന്നിംഗ്സ് ലീഡിലൂടെ ഫൈനല്‍ ബര്‍ത്തുറപ്പിക്കാന്‍ വേണ്ടത് ആറ് റണ്‍സ്. കേരളത്തിന് വേണ്ടത് ഒരു വിക്കറ്റും.അവസാന ബാറ്റര്‍മാരായ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയുമാണ് ക്രീസില്‍.

ആന്‍റി ക്ലൈമാക്സ്

അഞ്ചാം ദിനം ജലജ് സക്സേനയിലൂടെയാണ് കേരളം ആക്രമണം തുടങ്ങിയത്. ആദ്യ അഞ്ചോവറുകളില്‍ സര്‍വാതെയെയും സക്സേനയെയും ഫലപ്രദമായി പ്രതിരോധിച്ച ഗുജറാത്തിന് പക്ഷെ അഞ്ചാം ദിനത്തിലെ ആറാം ഓവറില്‍ അടിതെറ്റി. ആദിത്യ സര്‍വാതെയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ നോക്കിയ ജയ്മീത് പട്ടേലിനെ മുഹമ്മദ് അസറുദ്ദീന്‍ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കി. കത്തുകാത്തിരുന്ന വിക്കറ്റ് വീണത്തിന്‍റെ ആവേശത്തിലായി കേരളം. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 21 റണ്‍സ് കൂടി വേണമായിരുന്നു അപ്പോള്‍ ഗുജറാത്തിന്. സിദ്ദാര്‍ത്ഥ് ദേശായിയും അര്‍സാന്‍ നാഗസ്വാലയും ചേര്‍ന്ന് പിന്നീട് അഞ്ചോവര്‍ കൂടി കേരളത്തിന്‍റെ ക്ഷമ പരീക്ഷിച്ചു.

ഇതിനിടെ അക്ഷയ് ചന്ദ്രനെതിരെ ബൗണ്ടറി നേടി നാഗ്വസ്വാല കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. എന്നാല്‍ പൊരുതി നിന്ന സിദ്ധാര്‍ത്ഥ് ദേശായിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി സര്‍വാതെ വീണ്ടും ഗുജറാത്തിനെ ഞെട്ടിച്ചു. അപ്പോള്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 13 റണ്‍സ് കൂടി വേണമായിരുന്നു ഗുജറാത്തിന്. അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും നാഗ്വസ്വാലയും ചേർന്ന് പ്രതിരോധിച്ചു നിന്നതോടെ കേരളത്തിന്‍റെ ചങ്കിടിപ്പേറി. ആറ് റണ്‍സ് കൂടി നേടിയാല്‍ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡും ഫൈനല്‍ ടിക്കറ്റും ഉറപ്പാവും. ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ ചരിത്രനേട്ടത്തിലൂടെ കേരളത്തിന് ഫൈനലിലെത്താം.