‘5 സെന്റില്‍ വീടുവെച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല’ സമരത്തിന് ചുരല്‍മല, മുണ്ടക്കൈ നിവാസികള്‍

കല്‍പ്പറ്റ: അഞ്ച് സെന്റില്‍ വീട് പണിത് അത് ചൂരല്‍മല, മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മേപ്പാടി പഞ്ചായത്തിന്റെ പത്ത്, 11, 12 വാര്‍ഡുകളില്‍ നിന്നുള്ള ദുരന്തബാധിതര്‍.ദുരന്തം നടന്ന് ഏഴു മാസം പിന്നിടുമ്ബോഴും എല്ലാം നഷ്ടപ്പെട്ട് ഇരകളാക്കപ്പെട്ടവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ദുരിത ബാധിതര്‍ രൂപീകരിച്ച ജനകീയ ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുരന്തത്തിനിരയായി കഴിയുന്നവരുടെ പുനരധിവാസം ഏഴ് മാസമായിട്ടും നടപ്പിലായിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുമ്ബോള്‍ അവിടെ ഉണ്ടായിരുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും എന്നാല്‍ അക്കാര്യം ഉറപ്പുവരുത്തേണ്ടത് കമ്ബനിയും സര്‍ക്കാരുമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

ദുരന്തബാധിതരുടെ ഗുണഭോക്തൃ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുക, കേന്ദ്രസര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, പുനരധിവാസം വേഗത്തിലാക്കുക, രണ്ട് ടൗണ്‍ഷിപ്പുകളും വേഗത്തില്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ തിങ്കളാഴ്ച രാവിലെ പത്തിന് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിനു മുമ്ബില്‍ ഏകദിന ഉപവാസം നടത്തും.

സൂചന സമരത്തില്‍ ദുരന്തബാധിതര്‍ പങ്കെടുക്കില്ല എങ്കിലും സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനം ഇല്ലാത്ത പക്ഷം ദുരന്തബാധിതരെയും സംഘടിപ്പിച്ച്‌ വലിയ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. മന്‍സൂര്‍, കണ്‍വീനര്‍ ജെ.എം.ജെ മനോജ്, എം. വിജയന്‍ എന്നിവര്‍ പറഞ്ഞു.