ചികിത്സകള്‍ വിഫലം; അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്ബൻ ചരിഞ്ഞു

തൃശ്ശൂർ: ചികിത്സകളും പ്രാർത്ഥനകളും വിഫലമായി. അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്ബൻ ചരിഞ്ഞു.മയക്കുവെടി വെച്ച്‌ കോടനാട് എത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്ബിക്കൈയിലേക്ക് ബാധിച്ചതോടെ ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ നടത്തിയ പരിശോധനയിലും മുറിവിനുളളില്‍ നിന്ന് പുഴുക്കളെ പുറത്തെടുത്തിരുന്നു. മുറിവിലെ അണുബാധ തുമ്ബിക്കൈയിലേക്കുകൂടി ബാധിച്ചതോടെ ശ്വാസം എടുക്കാനും ആന ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണമായത്. മുറിവിലൂടെ ആനയുടെ തലയിലെ എല്ലുകള്‍ പോലും പുറത്തേക്ക് കാണുന്ന സ്ഥിതിയിലായിരുന്നു.

ബുധനാഴ്ച രാവിലെയാണ് അതിരപ്പള്ളിയില്‍ നിന്നും കൊമ്ബനെ മയക്കുവെടി വച്ച്‌ ചികിത്സക്ക് വേണ്ടി കോടനാട് എത്തിച്ചത്. അതിന് മുമ്ബ് കഴിഞ്ഞ മാസം 24ന് ആനയ്ക്ക് ചികിത്സ നല്‍കിയതാണെങ്കിലും നില വഷളായതിനെ തുടർന്നാണ് കോടനാടേക്ക് മാറ്റി ചികിത്സ നല്‍കാൻ വനം വകുപ്പ് തീരുമാനിച്ചതും കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പിടികൂടിയതും. ആന രക്ഷപ്പെടുന്നതില്‍ ഡോക്ടർമാർ പറഞ്ഞിരുന്നത് 30 ശതമാനം സാധ്യത മാത്രമായിരുന്നു.