150 കടന്ന് ബെന്‍ ഡക്കറ്റ്! ഇംഗ്ലണ്ടിനെതിരെ ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ വിജയലക്ഷ്യം

ലാഹോര്‍: ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ബെന്‍ ഡക്കറ്റിന്റെ (143 പന്തില്‍ 163) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.ജോ റൂട്ട് (68) മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിന് വേണ്ടി ബെന്‍ ഡ്വാര്‍ഷ്വിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം സാംപ, മര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഗ്രൂപ്പ് ബിയില്‍ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ഫിലിപ് സാള്‍ട്ട് (10), ജാമി സ്മിത്ത് (15) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇരുവരേയും ഡ്വാര്‍ഷ്വിസ് മടക്കിയതോടെ രണ്ടിന് 43 എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നീടാണ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. ഡക്കറ്റ് – റൂട്ട് സഖ്യം 158 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 31-ാം ഓവര്‍ വരെ ഇരുവരും ക്രീസില്‍ തുടര്‍ന്നു. ഈ ഓവറിലെ അവസാന പന്തില്‍ റൂട്ടിനെ ആഡം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും ഡക്കറ്റിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല.

ഹാരി ബ്രൂക്ക് (3), ജോസ് ബട്‌ലര്‍ (23), ലിയാം ലിവിംഗ്‌സ്റ്റണ്‍ (14) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ഡക്കറ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ന്നും താരം ആക്രമിച്ച തന്നെ കളിച്ചു. 48-ാം ഓവറിലാണ് ഡക്കറ്റ് മടങ്ങുന്നത്. അപ്പോഴേക്കും സ്‌കോര്‍ 320 കടന്നിരുന്നു. ബ്രൈഡണ്‍ കാര്‍സെയാണ് (8) പുറത്തായ മറ്റൊരു താരം. ജോഫ്ര ആര്‍ച്ചര്‍ (21), ആദില്‍ റഷീദ് (1) എന്നിവര്‍ പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ രണ്ട് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 17 റണ്‍സെടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡ് (6), മാത്യു ഷോര്‍ട്ട് (8) എന്നിവരാണ് ക്രീസില്‍.