ബന്ധുവുമായുള്ള ശൈശവ വിവാഹം പെണ്‍കുട്ടി കൈയ്യോടെ പൊളിച്ചടുക്കി

തിരുപ്പൂര്‍: തിരുപ്പൂര്‍ ജില്ലയില്‍ പതിനാറ് വയസ്സുകാരിയെ ശൈശവ വിവാഹം കഴിപ്പിക്കാനുള്ള ബന്ധുക്കളുടെ പദ്ധതി കൈയ്യോടെ പൊളിച്ച് പെണ്‍കുട്ടി. വെള്ളക്കോവില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കളക്ടറേറ്റിലെ അധികൃതരെ കൃത്യസമയത്ത് വിവരമറിയിച്ച് തന്റെ വിവാഹം തടഞ്ഞത്.

കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചുപോയിരുന്നു ഇതിനെ തുടര്‍ന്നുണ്ടായ കുടുംബത്തിലെ മോശം സാഹചര്യം കണക്കിലെടുത്ത് കുട്ടിയുടെ അമ്മയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. കുട്ടിയുടെ ബന്ധുവിനെ തന്നെയാണ് വരന്‍ ആയി നിശ്ചയിച്ചിരുന്നത്. ആദ്യമേ തന്നെ വിവാഹത്തില്‍ പെണ്‍കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് തിരുപ്പൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 1098 എന്ന ചൈല്‍ഡ്ലൈന്‍ നമ്പറിലേക്ക് പെണ്‍കുട്ടി വിളിച്ച് തന്നെ ശൈശവവിവാഹത്തില്‍നിന്ന് രക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. ഉടന്‍ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി വിവാഹം മുടക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കി.