സമരം ദേശീയ ശ്രദ്ധപിടിച്ചതോടെ പണിമുടക്കിയ ആശാവര്‍ക്കര്‍മാര്‍ക്ക് പണികൊടുക്കാന്‍ സര്‍ക്കാര്‍; കണക്കെടുപ്പ് തുടങ്ങി
തിരുവനന്തപുരം : ശമ്പള വര്‍ധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നില്‍ പണിമുടക്കി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. പതിമൂന്നാം ദിനത്തിലേക്ക് കടന്ന ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം കൂടുതല്‍ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേളയിലാണ് സര്‍ക്കാരും നടപടി തുടങ്ങുന്നത്. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴി കണക്കെടുത്ത് തുടങ്ങി.
എന്നാല്‍ സര്‍ക്കാറിന്റെ ഭീഷണികളുടെ തുടര്‍ച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കള്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമരം ചര്‍ച്ചയാകുന്ന വേളയില്‍, പ്രതിപക്ഷ സംഘടനകള്‍ തെരുവിലിറങ്ങി സമരത്തിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം, സമരം ദേശീയ ശ്രദ്ധയിലേക്ക് എത്തിയിട്ടും മുഖ്യമന്ത്രി ഇടപെടാത്തതിനെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ വിമര്‍ശിച്ചു. സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ച് മിനുട്ട് കൊണ്ട് തീര്‍ക്കാവുന്ന സമരമാണ് ആശവര്‍ക്കര്‍മാരുടേതെന്നും ഉടന്‍ ഇടപെടണമെന്നും സിപിഐ നേതാവ് സി ദിവാകരന്‍ ആവശ്യപ്പെട്ടു. ആശ വര്‍ക്കര്‍മാരുടെ സമരത്തെ എതിര്‍ക്കുന്ന ചിലര്‍ പി എസ്സി ശമ്പള വര്‍ദ്ധനയെ ന്യയീകരിക്കുകയാണെന്നും ദിവാകരന്‍ വിമര്‍ശിച്ചു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നാണ് സിപിഐയുടെ മന്ത്രിയായ ജെ ചിഞ്ചുറാണിയുടെ പ്രതികരണം. ആശാ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.