അനധികൃത കുടിയേറ്റം: ഡോണാള്‍ഡ് ട്രംപിൻ്റെ പുതിയ നീക്കത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്ക; എതിര്‍പ്പ് അറിയിച്ചേക്കും
ദില്ലി: അമേരിക്കയിലുള്ള ഇന്ത്യാക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിൻറെ നീക്കത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക.ഇന്ത്യക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യക്കാരെ തിരിച്ചു സ്വീകരിക്കുന്ന നയം കുടിയേറിയവരുടെ സുരക്ഷ ഉറപ്പാക്കാനാണ്. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണം എന്ന് നിർദ്ദേശിക്കും. ഭരണത്തിലെത്തി ആദ്യ മാസം പിന്നിടുമ്ബോള്‍ 37000 പേരെയാണ് ഡോണാള്‍ഡ് ട്രംപ് നാടു കടത്തിയത്.
അതേസമയം ഇന്ത്യാക്കാരെ വോട്ടെടുപ്പില്‍ ഭാഗമാക്കാൻ സാമ്ബത്തിക സഹായം നല്‍കിയെന്ന ഡോണാള്‍ഡ് ട്രംപിൻ്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് കണക്കുകള്‍ ഔദ്യോഗികമായി ആവശ്യപ്പെടാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. യുപിഎ ഭരണ കാലത്ത് ലഭിച്ച സഹായത്തെ കുറിച്ചുള്ള ആരോപണമായതിനാല്‍ കേന്ദ്രസർക്കാരിന് ഈ വിഷയത്തില്‍ സമ്മർദ്ദമില്ല. ട്രംപിൻ്റെ ആരോപണം കേന്ദ്ര സർക്കാരിലെ പല മന്ത്രാലയങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ തന്നെ നല്‍കുന്ന സൂചന. എന്നാല്‍ ഫണ്ട് ആർക്ക് നല്‍കി, എപ്പോള്‍ നല്‍കി തുടങ്ങി യാതൊരു വിശദാംശങ്ങളും ഇതുവരെ അമേരിക്കയോട് തേടിയിട്ടില്ല.