ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയിക്കണം, ആരാധകരെ അമ്ബരപ്പിച്ച് മുന്‍ ഇന്ത്യൻ താരം
ദില്ലി: ചാമ്ബ്യൻസ് ട്രോഫിയില്‍ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരില്‍ പാകിസ്ഥാന്‍ ജയിക്കണമെന്ന് മുന്‍ ഇന്ത്യൻ താരം അതുല്‍ വാസന്‍.നിലവിലെ ചാമ്ബ്യൻമാരായ പാകിസ്ഥാന്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 60 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകര്‍ത്തിരുന്നു.
ഇന്ത്യ-പാക് മത്സരത്തില്‍ പാകിസ്ഥാന്‍ ജയിച്ചാല്‍ മാത്രമെ ടൂര്‍ണമെന്‍റിന് കുറച്ചു കൂടി ജീവന്‍ വെക്കു. നാളെ പാകിസ്ഥാന്‍ തോറ്റാല്‍ പിന്നെ ടൂര്‍ണമെന്‍റില്‍ എന്ത് ആവേശമാണ് ബാക്കിയുള്ളത്. എന്നാല്‍ നാളെ പാകിസ്ഥാന്‍ ജയിക്കുകയാണെങ്കില്‍ കുറച്ചുകൂടി നല്ല പോരാട്ടങ്ങള്‍ കാണാന്‍ കഴിയുമെന്നും അതുല്‍ വാസന്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ഐയോട് പറഞ്ഞു.
ചാമ്ബ്യൻസ് ട്രോഫി ടീമില്‍ അഞ്ച് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ ഇന്ത്യൻ തീരുമാനത്തെയും അതുല്‍ വാസന്‍ ന്യായീകരിച്ചു. ഇന്ത്യക്ക് കരുത്തുറ്റ ബാറ്റിംഗ് നിരയുണ്ടെന്നും എട്ടാം നമ്ബറില്‍ വരെ ബാറ്റ് ചെയ്യാന്‍ ആളുണ്ടെന്നും അതുല്‍ വാസന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ദുബായിലെ സാഹചര്യത്തില്‍ അഞ്ച് സ്പിന്നര്‍മാരെ ടീമിലെടുത്തത് ശരിയായ തീരുമാനമാണെന്നും അതുല്‍ വാസന്‍ പറഞ്ഞു.
ചാമ്ബ്യൻസ് ട്രോഫിയില്‍ നാളെ ഇന്ത്യയെ നേരിടിനാറങ്ങുമ്ബോള്‍ പാകിസ്ഥാനത് അഭിമാനപ്പോരാട്ടം മാത്രമല്ല, ജീവന്‍മരണപ്പോരാട്ടം കൂടിയാണ്. ആദ്യ മത്സരം തോറ്റ ആതിഥേയരായ പാകിസ്ഥാൻ നാളെ ഇന്ത്യക്കെതിരെ കൂടി തോറ്റാല്‍ സെമിയിലെത്താതെ പുറത്താകും. ഈ അധിക സമ്മര്‍ദ്ദത്തിലാവും നാളെ ദുബായില്‍ പാകിസ്ഥാന്‍ ഇന്ത്യയെ നേരിടാനിറങ്ങുക. അതേസമയം, ആദ്യ മത്സരം ജയിച്ചതിനാല്‍ നാളെ പാകിസ്ഥാനെതിരെ തോറ്റാലും അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തിയാല്‍ ഇന്ത്യക്ക് സെമി സാധ്യതയുണ്ട്. അവസാന മത്സരത്തില്‍ ബംഗ്ലാദേശാണ് പാകിസ്ഥാന്‍റെ എതിരാളികള്‍. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സെമിയിലേക്ക് യോഗ്യത നേടുക.