ഇന്ത്യയെ വിടാതെ പിടിച്ച് ട്രംപ് ; 21മില്യണ്‍ ഡോളര്‍ പോകുന്നത് എന്റെ സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കാണ്
മറ്റാരെയോ തിരഞ്ഞെടുക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നുവെന്ന് ബിജെപി
വാഷിങ്ടണ്‍ ഡിസി: തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ത്യക്ക് നല്‍കിവരുന്ന വോട്ടര്‍ ടേണ്‍ഔട്ട് ഫണ്ടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 21 മില്യണ്‍ ഡോളര്‍ തുക സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ലഭിക്കുന്നത്. അമേരിക്കയിലെ തിരഞ്ഞെടുപ്പിലും സമാന രീതിയില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കാമെന്നിരിക്കെ ഇന്ത്യക്ക് രാജ്യം വലിയ തുക നല്‍കേണ്ട ആവശ്യമെന്താണെന്നും ട്രംപ് ചോദിച്ചു. ഗവര്‍ണര്‍മാരുടെ യോഗത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ബംഗ്ലാദേശിലെ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്താന്‍ ഒരു സംഘടനയ്ക്ക് മാത്രമായി 29 മില്യണ്‍ ഡോളര്‍ നല്‍കിവരുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു.
21മില്യണ്‍ ഡോളര്‍ പോകുന്നത് എന്റെ സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കാണ്. തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 21 മില്യണാണ് നമ്മള്‍ നല്‍കുന്നത്. നമ്മുടെ കാര്യമോ? എനിക്കും വേണം വോട്ടര്‍ ടേണ്‍ഔട്ട്’, ട്രംപ് പറഞ്ഞു.
‘ആരും ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു സംഘടനയ്ക്ക് 29മില്യണ്‍ ഡോളറാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്തുന്നതിന് എന്ന പേരില്‍ നല്‍കുന്നത്. നിങ്ങള്‍ക്ക് അതേ കുറിച്ച് ചിന്തിക്കാനാകുന്നുണ്ടോ?! രണ്ട് പേര്‍ മാത്രമാണ് ആ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടേ രണ്ടുപേര്‍. അവര്‍ ഒരുപാട് സന്തോഷത്തിലാണെന്നാണ് തോന്നുന്നത്. അവര്‍ വളരെ ധനികരായിരിക്കണം. ഏറ്റവും നല്ല ഒരു ബിസിനസ് മാസികയുടെ മുഖചിത്രമായി അവര്‍ ഉടനെ വരും’, ട്രംപ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഇന്ത്യക്ക് ഫണ്ട് നല്‍കിവരുന്ന പദ്ധതി അനധികൃത പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പോളിങ്ങിനെ കുറിച്ച് അമേരിക്ക എന്തിനാണ് ആശങ്കപ്പെടുന്നതെന്നും ട്രംപ് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ (യുഎസ്എഐഡി) 21 മില്യണ്‍ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ ഉണ്ടായെന്നതു സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അതേസമയം ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ട്രംപ് ഇന്ത്യക്ക് നല്‍കുന്ന തുകയെ കുറിച്ച് പരാമര്‍ശിക്കുന്നത്. 21 മില്യണ്‍ ഇന്ത്യക്ക് നല്‍കിയെന്നാണ് ട്രംപ് പറയുന്നത്. അത്ര വലിയ തുക തങ്ങള്‍ക്ക് ചിലവഴിക്കേണ്ട ആവശ്യമെന്താണെന്നും അവര്‍ മറ്റാരെയോ തിരഞ്ഞെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് തോന്നുന്നുവെന്നും അമിത് മാളവ്യ പറഞ്ഞു.