വയനാട് ദുരന്തഭൂമിയില്‍ പ്രതിഷേധിച്ചവരെ തടഞ്ഞ് പോലീസ് ; മുണ്ടക്കൈ ചൂരല്‍ മലയില്‍ പ്രതിഷേധം

 

വയനാട്: അവഗണനയില്‍ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ നടത്താനിരുന്ന കുടില്‍ക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്‌ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തി.

രണ്ടാംഘട്ട കരട് പട്ടിക വൈകുന്നതിലും പുനരധിവസം വൈകുന്നതിലും പ്രതിഷേധിച്ചാണ് ഇന്ന് ദുരന്ത ഭൂമിയില്‍ പ്രതിഷേധം നടത്താന്‍ ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തത്. രാവിലെ 9 മണി മുതല്‍ ചൂരല്‍ മലയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥലങ്ങളില്‍ കുടിലുകള്‍ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.പുനരധിവാസം വൈകുന്നതിനൊപ്പം 5 സെന്റ് ഭൂമി മാത്രം നല്‍കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതര്‍ക്ക് പ്രതിഷേധമുണ്ട്.