ഉന്നം ലേശം പാളി! കാട്ടുപന്നിക്കിട്ട് വച്ചത് കൊണ്ടത് ട്രാൻസ്ഫോര്‍മറിന്, നഷ്ടം പഞ്ചായത്ത് നികത്തണമെന്ന് കെഎസ്‌ഇബി
പാലക്കാട്: കുമരംപുത്തൂർ പഞ്ചായത്തിന്‍റെ കാട്ടുപന്നി വേട്ടയില്‍ വെടി കൊണ്ടത് കെഎസ്‌ഇബിയുടെ ട്രാൻസ്ഫോർമറിന്.മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്. കെഎസ്‌ഇബി കണക്കാക്കിയ നഷ്ടം രണ്ടര ലക്ഷം രൂപയുമാണ്. കുമരംപുത്തൂർ പഞ്ചാത്തിലെ മോതിക്കല്‍ ഭാഗത്ത് കാട്ടുപന്നി വേട്ട നടക്കുന്നതിനിടെയാണ് സംഭവം. ഉതിർത്ത വെടി കൊണ്ടത് മോതിക്കല്‍ റോഡിലെ ഇടിഞ്ഞാടി റോഡ് ജംഗ്ഷനിലെ ട്രാൻസ്ഫോർമറിനാണ്.
വെടിയേറ്റ് തുളഞ്ഞ ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തനം നിലച്ചു. വെടിയുണ്ട തുളഞ്ഞു കയറിയ ദ്വാരത്തിലൂടെ ട്രാൻസ്ഫോർമറിനുള്ളിലെ ഓയില്‍ ചോർന്ന് പുറത്തേക്ക് ഒഴുകി. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മോതിക്കല്‍ മേഖലയിലെ 200 കുടുംബങ്ങളിലെ വൈദ്യുതി വിതരണം ഇതോടെ മുടങ്ങി.
ഷൊർണൂരില്‍ നിന്ന് പുതിയ ട്രാൻസ്ഫോർമർ എത്തിച്ച് വൈദ്യുതി വിതരണം പുനസ്ഥാപിക്കണം. പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാൻ സമീപകാലത്ത് സ്ഥാപിച്ച പുതിയ ട്രാൻസ്ഫോമറാണ് വെടികൊണ്ട് കേടായത്. കാട്ടുപന്നി വേട്ട നടന്ന ഭാഗത്തെ ട്രാൻസ്ഫോർമറാണ് വെടിയുണ്ട തുളഞ്ഞ് കയറി കേടായതെന്ന് കാണിച്ച് കെഎസ്‌ഇബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വൈദ്യുതി ബോർഡിന് സംഭവിച്ച നഷ്ടം പഞ്ചായത്ത് നല്‍കണമെന്നാണ് കെഎസ്‌ഇബി ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.