Fincat

അനന്തര സ്വത്തില്‍ മുസ്ലീം സ്ത്രീക്കും തുല്യവകാശം ആവശ്യപ്പെട്ടുള്ള നിരാഹാര സമരം; വിപി സുഹ്‌റയെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു, സമരം താത്കാലികമായി നിര്‍ത്തി

 

ദില്ലി: അനന്തരസ്വത്തില്‍  മുസ്ലീം സ്ത്രീക്കും  തുല്യവകാശം അനുവദിച്ചുകിട്ടുന്നതുവരെ ദില്ലി ജന്തര്‍മന്തറിയില്‍ ആരംഭിച്ച നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ച് വിപി സുഹ്‌റ. ഇന്ന് രാവിലെയാണ് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിപി സുഹ്‌റ ജന്തര്‍മന്തറിലെത്തിയത്.

വൈകിട്ടോടെ വിപി സുഹ്‌റയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. അനുവദിച്ചതിലും കൂടുതല്‍ സമയം സമരം തുടര്‍ന്ന സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസാണ് വിപി സുഹ്‌റയെ കസ്റ്റഡിയിലെടുത്തത്. വിപി സുഹ്‌റയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി സംസാരിച്ചു.

വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്നും കേന്ദ്ര മന്ത്രിമാരെ കാണാന്‍ സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തുവെന്നും വിപി സുഹ്‌റ പറഞ്ഞു. തുചര്‍ന്നാണ് നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചതായി വിപി സുഹ്‌റ വ്യക്തമാക്കിയത്. കേന്ദ്ര മന്ത്രിയുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും രണ്ടു ദിവസത്തിനകം കേന്ദ്ര നിയമ മന്ത്രി, ന്യൂനപക്ഷ കാര്യ മന്ത്രി, വനിതാ മന്ത്രി എന്നിവരെ കാണാന്‍ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധിയെയും കാണുമെന്നും ദില്ലിയില്‍ തുടരുമെന്നും വിപി സുഹ്‌റ പറഞ്ഞു. താത്കാലികമായാണ് സമരം അവസാനിപ്പിച്ചതെന്നും തന്റെ പോരാട്ടം തുടരുമെന്നും വിപി സുഹ്‌റ പറഞ്ഞു.