ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കും

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു ഇടങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് മലപ്പുറം ജില്ലാ ഭിന്നശേഷി കമ്മിറ്റി അറിയിച്ചു. ജില്ലയിലെ ഭിന്നശേഷി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എ ഡി എം എന്‍.എം മെഹറലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന 2016ലെ ഭിന്നശേഷി നിയമപ്രകാരമുള്ള ജില്ലാ ഭിന്നശേഷി കമ്മിറ്റിയാണ് ഭിന്നശേഷി സൗഹൃദമാക്കാന്‍ തീരുമാനം കൈകൊണ്ടത്. ജില്ലയിലെ പ്രൈവറ്റ് സ്‌കൂളുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു വീല്‍ചെയര്‍ എങ്കിലും ഉറപ്പുവരുത്തണമെന്നും റാമ്പും ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റും നിര്‍ബന്ധമാക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു. കൂടാതെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കണം. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കും പ്രാപ്യമാകുന്ന തരത്തില്‍ ആയിരിക്കണം. കാഴ്ച പരിമിതരായ ഭിന്നശേഷിക്കാരെക്കൂടി പരിഗണിച്ചുള്ളതായിരിക്കണം കെട്ടിടങ്ങള്‍. ബാരിയര്‍ ഫ്രീ പ്രോജക്റ്റിന്റെ ഭാഗമായി ജില്ലയിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ആവശ്യമുള്ള പക്ഷം പരിശീലനം തുടരും. സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ഭിന്നശേഷി പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായി ഗവണ്‍മെന്റ് നല്‍കി വരുന്ന സേവനങ്ങള്‍, ഭിന്നശേഷി യു ഡി ഐ ഡി കാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കമ്മറ്റി വിലയിരുത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ഭിന്നശേഷി പ്രതിനിധികളായ കെ വാസുദേവന്‍, കെ ഗോപാലകൃഷ്ണന്‍, പുനരധിവാസ മേഖലയിലെ വിദഗ്ധ പ്രതിനിധി സിനില്‍ദാസ്, സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് സതീദേവി, സോഷ്യല്‍ വര്‍ക്കര്‍ കെ. വിജില, പോലീസ് ഓഫീസര്‍ അഷറഫ് ചുക്കാന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.