തിരുവന്തപുരം: തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയായ സിപിഎമ്മിന് ഇപ്പോള്‍ തൊഴിലാളികളോടും തൊഴിലിടത്തിലെ പ്രശ്‌നങ്ങളുയര്‍ത്തി സമരം ചെയ്യുന്നവരോടും അയിത്തമാണോയെന്ന് തോന്നിപ്പോകും. ഈയിടെ നടന്ന എല്ലാ ജനകീയ സമരങ്ങളെയും സിപിഎം പല തരത്തിലുള്ള ചാപ്പയടികള്‍ നടത്തിയാണ് സമരം ചെയ്യുന്നവരെ അവഹേളിച്ചത്. സമരങ്ങളില്‍ നിന്നും ഉടലെടുത്ത സിപിഎമ്മിനും സര്‍ക്കാരിനും ഇപ്പോള്‍ സമരം തന്നെ അലര്‍ജിയായ സ്ഥിതിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി സെക്രട്ടേറിയേറ്റിനു മുന്നില്‍ അവകാശത്തിനായി സമരം ചെയ്യുന്ന ആശാ വര്‍ക്കാര്‍മാര്‍ക്കെതിരെയാണ് ഒടുവില്‍ സിപിഎം തിരിഞ്ഞിരിക്കുന്നത്. അതും തൊഴിലാളി വിപ്ലവ സംഘടനയുടെ ദേശീയ നേതാവ് തന്നെ ലേഖനത്തിലൂടെ സമരം ചെയ്യുന്നവരെ അതിക്ഷേപിച്ചിരിക്കുന്നു.
ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ അരാജക സംഘടനകളെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി എളമരം കരീം എം പിയുടെ ലേഖനം. തല്‍പ്പര കക്ഷികളുടെ കെണിയില്‍പ്പെട്ടവരാണ് സമരം നടത്തുന്നത്. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വര്‍ക്കര്‍മാരുടെ സമരമെന്നും കരീം വിമര്‍ശിച്ചു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് എളമരം കരീം വിമര്‍ശനം ഉന്നയിച്ചത്.
ആശമാരുടെ വേതനവര്‍ദ്ധനവില്‍ കാര്യമായി ഇടപെടല്‍ നടത്തിയത് ഇടതു സര്‍ക്കാരുകളാണ്. ചിലര്‍ ആശാ വര്‍ക്കര്‍മാരെ വ്യാമോഹിപ്പിച്ചു.സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എന്‍എച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി നല്‍കിയിട്ടില്ല എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം 15-ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരിഗണിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.