മതവിദ്വേഷ പരാമര്‍ശ കേസില്‍ മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ജയിലിലേക്ക്; കോടതി ജാമ്യം അനുവദിച്ചില്ല, റിമാൻഡ് ചെയ്തു
മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ജോർജിൻ്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഉത്തരവ്. പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടിരുന്നു. നേരത്തേ, ജോർജിനെ വൈകിട്ട് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പി സി ജോർജിനെ പാലാ ജയിലിലേക്ക് മാറ്റും.
കേസില്‍ ഇന്ന് രാവിലെയാണ് ജോര്‍ജ് കോടതിയില്‍ കീഴടങ്ങിയത്. ഇന്ന് കീഴടങ്ങാമെന്ന് കാണിച്ച് ജോര്‍ജ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പൊലിസിനു കത്ത് നല്‍കിയിരുന്നു.
പി സി ജോര്‍ജിനെ വീട്ടില്‍ എത്തിച്ച ശേഷം അവിടെ നിന്നും പ്രകടനമായി സ്റ്റേഷനിലേക്ക് പോകാനായിരുന്നു ബി ജെ പി തീരുമാനം. എന്നാല്‍ പ്രകടനത്തിന് പൊലീസ് അനുമതി നല്‍കിയില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ ഈരാറ്റുപേട്ടയില്‍ വിന്യസിച്ചിരുന്നു. ജനുവരി 5ന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. മുസ്ലിംകള്‍ക്കെതിരെ ആയിരുന്നു വിദ്വേഷ പരാമര്‍ശം.