ബാങ്ക് അക്കൗണ്ടില്‍ എത്ര പണം വരെ നിക്ഷേപിച്ചാല്‍ ആദായ നികുതി നോട്ടീസ് ലഭിക്കില്ല? നിയമങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: ബാങ്കുകളില്‍ പണം നിക്ഷേപിക്കുമ്ബോള്‍ പലർക്കും പല സംശയങ്ങളും ഉണ്ടാവാം. കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുമോ എന്ന ഭയം വേണ്ട
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ട ആദായ നികുതി നിയമങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാം.
ശ്രദ്ധിക്കേണ്ട പരിധി
ആദായ നികുതി നിയമങ്ങള്‍ പ്രകാരം, ഒരു സാമ്ബത്തിക വർഷത്തില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ മൊത്തം 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയോ പിൻവലിക്കുകയോ ചെയ്യരുത്. ഈ പരിധി ലംഘിച്ചാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്.
ദിവസേനയുള്ള പണമിടപാട് പരിധി
ഒരു ദിവസം എത്ര രൂപ വരെ പണമിടപാട് നടത്താം എന്നതും പലരുടെയും സംശയമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 269 എസ് ടി പ്രകാരം, ഒരു വ്യക്തിക്ക് ഒരു ദിവസം അല്ലെങ്കില്‍ തുടർച്ചയായ ഇടപാടുകളില്‍ രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി സ്വീകരിക്കാൻ കഴിയില്ല. നിങ്ങളുടെ എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകളിലുമായി ഒരു സാമ്ബത്തിക വർഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ പണം നിക്ഷേപം നടത്തിയാല്‍, ബാങ്കുകള്‍ ഇത് ആദായ നികുതി വകുപ്പിനെ അറിയിക്കണം. പല അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ചാലും ഇത് ശ്രദ്ധയില്‍പ്പെടും.
പരിധി കവിഞ്ഞാല്‍?
ഒരു സാമ്ബത്തിക വർഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ പണം നിക്ഷേപം നടത്തിയാല്‍, അത് ഉയർന്ന മൂല്യമുള്ള ഇടപാടായി കണക്കാക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 114ബി പ്രകാരം, ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആദായ നികുതി വകുപ്പിനെ അറിയിക്കണം. കൂടാതെ, ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ പണമായി നിക്ഷേപം നടത്തിയാല്‍, നിങ്ങളുടെ പാൻ നമ്ബർ നല്‍കണം. പാൻ ഇല്ലെങ്കില്‍, ഫോം 60/61 സമർപ്പിക്കേണ്ടിവരും.
ആദായ നികുതി നോട്ടീസിന് എങ്ങനെ മറുപടി നല്‍കണം?
ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് ആദായ നികുതി നോട്ടീസ് ലഭിച്ചാല്‍, പണത്തിന്റെ ഉറവിടം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണം. ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, നിക്ഷേപ രേഖകള്‍, അനന്തരാവകാശവുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാം. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സംശയങ്ങളുണ്ടെങ്കില്‍, ടാക്സ് അഡ്വൈസറെ സമീപിക്കുന്നത് നല്ലതാണ്.