ഒപ്പം കളിച്ച മെസ്സിയില്ല!! റോണോയും ഔട്ട്, ഇനിയേസ്റ്റയുടെ ടോപ്പ് ഫൈവില്‍ ഇവര്‍

ആധുനിക ഫുട്‌ബോളില്‍ മധ്യനിരയിലെ മജീഷ്യനെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് സ്‌പെയിന്റെ മുന്‍ ഇതിഹാസ താരമായ ആന്ദ്രെസ് ഇനിയേസ്റ്റ.

സ്‌പെയിനിനും ബാഴ്‌സലോണയ്ക്കുമൊപ്പം പല അവിസ്മരണീയ നേട്ടങ്ങളും കൈവരിച്ച അദ്ദേഹം ലോകകപ്പും യൂറോ കപ്പുമടക്കം എല്ലാം സ്വന്തമാക്കിയാണ് പടിയിറങ്ങിയത്.

ഇപ്പോഴിതാ ഫുടബോളിലെ എക്കാലത്തെയു മികച്ച അഞ്ചു താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇനിയേസ്റ്റ. 20 വര്‍ഷത്തിലേറെ നീണ്ട അതിശയിപ്പിക്കുന്ന ഫുട്‌ബോള്‍ കരിയറാണ് അദ്ദേഹത്തിന്റേത്. ദേശീയ ടീമിനൊപ്പം മാത്രമല്ല ബാഴ്‌സലോണയ്‌ക്കൊപ്പവും നിരവധി ട്രോഫികളും പുരസ്‌കാരങ്ങളുമെല്ലാം ഇനിയേസ്റ്റ വാരിക്കൂട്ടുകയും ചെയ്തു.

17 സീസണുകളാണ് അദ്ദേഹം ബാഴ്‌സയുടെ കുപ്പായമണിഞ്ഞത്. വിവിധ ടൂര്‍ണമെന്റുകളിലായി 674 മല്‍സരങ്ങളില്‍ കളിച്ച ഇനിയേസ്റ്റ 57 ഗോളുകള്‍ നേടുന്നതിനൊപ്പം 135 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ബാഴ്‌സയ്‌ക്കൊപ്പം നാലു യുവേഫ ചാംപ്യന്‍സ് ലീഗ് ട്രോഫികള്‍ സ്വന്തമാക്കിയ ഇനിയേസ്റ്റ ഒമ്ബതു ലാ ലിഗ ട്രോഫികളില്‍ പങ്കാളിയാവുകയും ചെയ്തു.

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ ലയണല്‍ മെസ്സിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ബാഴ്‌സയില്‍ വച്ച്‌ ഇനിയേസ്റ്റ വഹിച്ചിട്ടുള്ളത്. പക്ഷെ ഇപ്പോള്‍ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച അഞ്ചു ഫുട്‌ബോളര്‍മാരുടെ ലിസ്റ്റില്‍ മെസ്സിയെ അദ്ദേഹം ഉള്‍പ്പെടുത്തിയില്ലെന്നതാണ് കൗതുകകരമായ കാര്യം. മറ്റൊരു ഇതിഹാസമായ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തഴയപ്പെട്ടു.

ഫാബ് ഫൈവില്‍ ആരൊക്കെ?

സ്‌പോര്‍ട്ട്‌ബൈബിളുമായി സംസാരിക്കവെയാണ് ഫുട്‌ബോള്‍ ലോകം ഇതുവരെ കണ്ടവരില്‍ എക്കാലത്തെയും മികച്ച അഞ്ചുപേര്‍ ആരൊക്കെയാണെന്നു ആന്ദ്രെസ് ഇനിയേസ്റ്റ ചൂണ്ടിക്കാട്ടിയത്. ഡെന്‍മാര്‍ക്കിന്റെ മൈക്കല്‍ ലോഡ്രുപ്പ്, നാട്ടുകാരായ പെപ് ഗ്വാര്‍ഡിയോള, സാവി ഹെര്‍ണാണ്ടസ്, ഡേവിഡ് സില്‍വ, സാന്റി കസോര്‍ല എന്നിവരെയാണ് ഫാബ് ഫൈവില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയത്.

കുട്ടിക്കാലം മുതലുള്ള എന്റെ ആരാധനാ പാത്രമാണ് ലോഡ്രുപ്പ്. അദ്ദേഹത്തിന്റെ ടെക്‌നിക്കും കളിച്ചിരുന്ന ശൈലിയും മനോഹരമായിരുന്നു. മിഡ്ഫീല്‍ഡറെന്ന നിലയില്‍ ലോഡ്രുപ്പിന്റെ അറ്റാക്കിങ് ശൈലി ഗംഭീരം തന്നെ. കുട്ടിയായിരിക്കുമ്ബോള്‍ ലോഡ്രുപ്പിനെ പോലെയാവാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. പെപ്പും (ഗ്വാര്‍ഡിയോള) എന്റെ ലിസ്റ്റിലുണ്ട്. കാരണം ലോഡ്രുപ്പിനൊപ്പം കുട്ടിക്കാലം മുതലുള്ള തന്റെ ഹീറോയാണ് അദ്ദേഹമെന്നും ഇനിയേസ്റ്റ വ്യക്തമാക്കി.

സാവിക്കൊപ്പം ഞാന്‍ ദീര്‍ഘകാലം കളിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ പ്രകടനം ഞാന്‍ ടെലിവിഷനിലും ഒരുപാട് കണ്ടിട്ടുള്ളതാണ്. മല്‍സരങ്ങള്‍ എങ്ങനെ നിയന്ത്രിക്കണമെന്നു നന്നായി അറിയാവുന്ന സാവി എനിക്കു അനുയോജ്യനായ കളിക്കാരന്‍ കൂടിയാണ്. ശരിയായ സ്ഥലത്ത് മികവുറ്റ പാസുകള്‍ നല്‍കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്.

മാത്രമല്ല സാവി നല്ലൊരു ലീഡറും കൂടിയാണ്. തനിക്കു ഏറ്റവും അനുയോജ്യനായ മിഡ്ഫീല്‍ഡറും കൂടിയായിരുന്നു സാവിയെന്നും ഇനിയേസ്റ്റ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 40 കാരനായ ഇനിയേസ്റ്റ ഫുട്‌ബോളില്‍ നിന്നും പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ചത്.