ഇബ്രാഹിം സദ്രാന് സെഞ്ചുറി, കൂടെ ഒരു റെക്കോര്‍ഡും! അഫ്ഗാന്റെ കൂറ്റന്‍ സ്‌കോറിനെതിരെ ഇംഗ്ലണ്ട് പതറുന്നു


ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് അടിച്ചെടുത്ത് അഫ്ഗാനിസ്ഥാന്‍.ഇബ്രാഹിം സദ്രാന്‍ 146 പന്തില്‍ നേടിയ 177 റണ്‍സാണ് അഫ്ഗാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലിയാം ലിവിംഗ്സ്റ്റണ് രണ്ട് വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 21 ഓവറില്‍ 131 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. ജോ റൂട്ട് (41), ഹാരി ബ്രൂക്ക് (24) എന്നിവരാണ് ക്രീസില്‍. ഇരു ടീമുകളും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്.

മോശം തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന്. 37 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസ് അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ബൗള്‍ഡായി. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയ സെദീഖുള്ള അദലിനും (4) തിളങ്ങാനായില്ല. ആര്‍ച്ചറുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റഹ്മത് ഷായെ (4) കൂടി പുറത്താക്കി ആര്‍ച്ചര്‍ അഫ്ഗാനെ മൂന്നിന് 37 എന്ന നിലയിലേക്ക് തള്ളിവിട്ടു. പിന്നീട് ഹഷ്മതുള്ള ഷഹീദി (40) – സദ്രാന്‍ സഖ്യം 103 റണ്‍സ് കൂട്ടിചേര്‍ത്തു. ആദില്‍ റഷീദാണ് ബ്രേക്ക് ത്രൂ നല്‍കിയത്. ഷഹീദിയെ ആദില്‍ റഷീദ് ബൗള്‍ഡാക്കുകയായിരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ അസ്മതുള്ള (41) സദ്രാന്‍ പിന്തുണ നല്‍കി. 72 റണ്‍സാണ് സദ്രാനൊപ്പം ചേര്‍ന്ന് അസ്മതുള്ള അടിച്ചെടുത്തത്. ജാമി ഓവര്‍ടോണാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. അസ്മതുള്ള പുറത്ത്. പിന്നീട് ക്രീസിലെത്തിയ മുഹമ്മദ് നബിയും നിര്‍ണായക പ്രകടനം പുറത്തെടുത്തു. 24 പന്തില്‍ 40 റണ്‍സ് അടിച്ചെടുത്ത താരം സദ്രാനൊപ്പം വിലപ്പെട്ട 111 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന ഓവറില്‍ ഇരുവരും മടങ്ങി. ഗുല്‍ബാദിന്‍ നെയ്ബ് (1), റാഷിദ് ഖാന്‍ (1) പുറത്താവാതെ നിന്നു.

146 പന്തില്‍ ആറ് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്‌സ്. മാത്രമല്ല, ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു റെക്കോര്‍ഡും സദ്രാന്‍സ്വന്തമാക്കി. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് സദ്രാന്റെ പേരിലായത്. ഇംഗ്ലണ്ടിന് ഫിലിപ് സാള്‍ട്ട് (12), ബെന്‍ ഡക്കറ്റ് (38), ജാമി സ്മിത്ത് (9) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമാകുന്നത്.