നീര്‍ച്ചോലകളെല്ലാം വറ്റി, ചൂലനൂരില്‍ വന്യജീവികള്‍ക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല; ഒടുവില്‍ പരിഹാരം, ടാങ്കറിലെത്തിച്ചു
തൃശൂര്‍: ചൂലനൂരില്‍ വന്യജീവികള്‍ക്ക് കുടിക്കാന്‍ കൃത്രിമ കുളത്തില്‍ വെള്ളം ടാങ്കറിലെത്തിച്ചു. ചൂലനൂര്‍ മയില്‍ സങ്കേതത്തിലെ നീര്‍ച്ചോലകളെല്ലാം വറ്റിയതോടെ കുടിവെള്ളത്തിനായി മയിലും മറ്റു ജീവികളും പരക്കം പായുന്ന കാഴ്ചയായിരുന്നു ഇവിടെ.മഴ നിലയ്ക്കുകയും വെയില്‍ കടുക്കുകയും ചെയ്തതോടെ കാട്ടിലെ ജീവികള്‍ക്ക് വെള്ളം കിട്ടാതായതോടെ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് വനത്തിനുള്ളിലെ കൃത്രിമ കോണ്‍ക്രീറ്റ് കുളങ്ങളില്‍ വെള്ളം നിറയ്ക്കുകയാണ് വനപാലകര്‍ ഇപ്പോള്‍ ചെയ്യുന്നത്.
2007 ല്‍ സ്ഥാപിച്ച ചൂലനൂര്‍ മയില്‍ സങ്കേത്തില്‍ തോണിക്കുണ്ട് കുളത്തിലും നടുവത്തപ്പാറ കുളത്തിലും മാത്രമാണ് കുറച്ച് വെള്ളം അവശേഷിക്കുന്നത്. 342 ഹെക്ടര്‍ വിസ്തൃതിയുള്ള മയില്‍സങ്കേതത്തില്‍ ഇരുനൂറോളം മയിലുകളാണുള്ളത്. 36 ഇനം ചെറുവന്യജീവികളും 140 ഇനം പക്ഷികളും ഉണ്ട്. പന്നി, ഈനാംപേച്ചി, കീരി, ഉടുമ്ബ്, മുയല്‍, പുള്ളിമാന്‍, കുരങ്ങ്, മലയണ്ണാന്‍, കുറുക്കന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇത്രയും ജീവികള്‍ക്ക് ദാഹജലം ഉറപ്പാക്കുന്ന ദൗത്യത്തിലാണ് വനപാലകര്‍. 2500 മുതല്‍ 4000 വരെ ലിറ്റര്‍ ശേഷിയുള്ള അഞ്ച് കോണ്‍ക്രീറ്റ് കുളങ്ങള്‍ വനത്തിന്റെ പല ഭാഗത്തായി കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചിരുന്നു. ചാത്തായികുളമ്ബ്, മലയപ്പതി, ചെക്ക് ഡാം, ഐ സി കോമ്ബൗണ്ട്, വാച്ച് ടവര്‍ എന്നിവിടങ്ങളിലാണിത്.
ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ച് കുളങ്ങളെല്ലം നിറച്ചതായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സാജന്‍ പ്രഭാ ശങ്കര്‍ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി ആര്‍ പ്രകാശന്‍, എം ഗിരീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണിത്. വിനോദ് തിരുവില്വാമല, കണ്ണന്‍ ചൂലനൂര്‍ എന്നിവരാണ് വെള്ളം സൗജന്യമായി എത്തിച്ചത്. ലോറി പോകാത്ത പ്രദേശങ്ങളില്‍ ചെറുകോണ്‍ക്രീറ്റ് തൊട്ടികള്‍ സജ്ജമാക്കിയിട്ടുണ്ട്. ജീപ്പില്‍ ജാറിലാക്കി വെള്ളം കൊണ്ടുപോയി ഇതില്‍ നിറച്ചുവെക്കും. കാട്ടുമൃഗങ്ങളും പക്ഷികളും കുടിക്കാനും ദേഹം നനയ്കാനും ഇത് ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വനപാലകര്‍ പറഞ്ഞു.