തുറമുഖത്തെ വാര്‍ഫില്‍ വൻ തീപിടുത്തം; കണ്‍വെയര്‍ ബെല്‍റ്റിന് തീപിടിച്ച്‌ സള്‍ഫറിലേക്ക് പടര്‍ന്നു


കൊച്ചി: കൊച്ചി തുറമുഖത്തെ എറണാകുളം വാർഫില്‍ വൻ തീപ്പിടിത്തം. സള്‍ഫർ കയറ്റുന്ന കണ്‍വെയർ ബെല്‍റ്റിനാണ് തീ പിടിച്ചത്.പിന്നാലെ ഇത് ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സള്‍ഫറിലേക്കും പടർന്നു. കൊച്ചിയിലെ വിവിധ ഫയർസ്റ്റേഷനുകളില്‍ നിന്നായി പത്തോളം യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തീ കൂടുതലിടത്തേക്ക് പടർന്നിട്ടില്ലെന്നും ജില്ല ഫയർ ഓഫിസർ കെ ഹരികുമാർ പറഞ്ഞു. തീ പടര്‍ന്ന സമയത്ത് തന്നെ തീ അണയ്ക്കാനായി. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ മുൻകരുതലെന്ന നിലയില്‍ പ്രദേശത്ത് ഫയര്‍ഫോഴ്സിന്‍റെ നിരീക്ഷണം തുടരുമെന്നും കെ ഹരികുമാര്‍ പറഞ്ഞു.