യുഎസിലെ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടി മലപ്പുറം സ്വദേശി
മലപ്പുറം: മലപ്പുറം പത്തിരിയാല്‍ സ്വദേശി മുഹമ്മദ് ഫായിസ് പരപ്പന് ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ ഒന്നായ അമേരിക്കയിലെ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്‌കോളര്‍ഷിപ് ലഭിച്ചു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഗവേഷണ പഠനത്തിനാണ് സ്‌കോളര്‍ഷിപ്. പ്രൊഫസര്‍ റികാര്‍ഡോ ഹിനാവോയുടെ കീഴില്‍ അഡ്വാന്‍സിങ് എത്തിക്കല്‍ ആന്‍ഡ് ഇക്യുറ്റബിള്‍ മെഷീന്‍ ലേര്‍ണിങ് എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുക.
നിലവില്‍ ഐ.ഐ.ടി ഖൊരഗ്പൂറിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയായ ഫായിസ് യു.കെ.ജി മുതല്‍ പത്താം ക്ലാസ്സ് വരെ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലും തുടര്‍ന്ന് ഹയര്‍ സെക്കന്ററി ക്ലാസുകള്‍ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലുമാണ് പഠിച്ചത്. പന്ത്രണ്ടാം ക്ലാസ് ജയിച്ച വര്‍ഷം തന്നെ ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടി ഐഐടിയില്‍ പ്രവേശനം നേടുകയായിരുന്നു.
2023ല്‍ കനേഡിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള മിറ്റാക്‌സ് ഗ്ലോബലിങ്ക് ഇന്റര്‍നാഷനല്‍ സ്‌കോളര്‍ഷിപ് നേടി കാനഡയിലെ ക്യുന്‍സ് സര്‍വകലാശാലയിലും, 2024 ല്‍ സൗദി ജിദ്ദയിലെ കിങ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലും ഗവേഷണ ഇന്റേണ്‍ഷിപ്പുകള്‍ നേടിയ ഫായിസ് നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് മേഖലയില്‍ റിസര്‍ച്ച് പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ ഇന്ത്യാ എ.ഐ ഫെലോഷിപ്പ് അവാര്‍ഡും ഫായിസ് നേടിയിട്ടുണ്ട്. 33 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ യൂസുഫ് പരപ്പന്റെയും ഹസീനയുടെയും മകനാണ് ഫായിസ്.