ഒരാള്‍ പൊക്കത്തില്‍ കാട്, കടുവകളടക്കമുള്ള വന്യ ജീവികള്‍; ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റില്‍ വീണ്ടും അഗ്നിബാധ


സുല്‍ത്താൻ ബത്തേരി: മധ്യപ്രദേശ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അഗ്നിബാധ ജനവാസ മേഖലകള്‍ക്ക് ഭീഷണിയാകുന്നു.ഇന്നലെ എസ്റ്റേറ്റിനുള്ളില്‍ നല്ല രീതിയിലുള്ള തീ പിടിത്തമാണ് ഉണ്ടായത്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് തീ ജനവാസമേഖലകളിലേക്ക് എത്താതിരുന്നത്. എസ്റ്റേറ്റിനുള്ളിലെ അടിക്കാടുകള്‍ പൂർണ്ണമായും കത്തിനശിച്ചു. വീടുകള്‍ കൂടുതലായി ഉള്ള ചൂരിമല ഭാഗത്താണ് വ്യാപകമായി തീപിടിത്തമുണ്ടായത്. ഇത് കാരണം മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്. വന്യമൃഗങ്ങള്‍ക്ക് പുറമെ അഗ്നിബാധയെയും പേടിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ ജനങ്ങള്‍.

ജനവാസ മേഖലയോട് ചേർന്ന എസ്റ്റേറ്റ് പ്രദേശത്തെ അടിക്കാടുകള്‍ ഉണങ്ങി നില്‍ക്കുകയാണ്. ഒരു തീപ്പൊരിയെങ്ങാനും വീണാല്‍ പ്രദേശമാകെ കത്തിയമരുന്ന സാഹചര്യമാണ് ഇവിടെ. കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായപ്പോള്‍ ഫയർ ഫോഴ്സ് എത്തിയാണ് ജനവാസ മേഖലയിലേയ്ക്ക് തീ പടർന്ന് പിടിക്കാതെ നിയന്ത്രിച്ചത്. അഞ്ച് ഏക്കറോളം സ്ഥലമാണ് കത്തിനശിച്ചത്. വനസമാനമായി കിടക്കുന്ന ഈ മേഖലകളില്‍ വർഷങ്ങളായി കടുവ ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്. അഗ്നിബാധ ഉണ്ടാകുമ്ബോള്‍ കടുവകള്‍ ജനവാസ മേഖലകളിലേക്ക് എത്തുമോ എന്നതും ജനങ്ങളുടെ ആശങ്കയാണ്. കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലും അടിക്കാടുകള്‍ കത്തി നശിച്ചിരുന്നു.

ഈ മേഖലയില്‍ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ ക്ഷീരകർഷകരുടെ പത്തോളം പശുക്കളെയാണ് കടുവ പിടി കൂടിയത്. വനസമാനമായി കിടക്കുന്ന എസ്റ്റേറ്റിലെ ജനവാസമേഖലയോട് ചേർന്ന കാട് വെട്ടി തെളിക്കണമെന്ന ആവശ്യം നിരവധി തവണ അധികൃതർക്ക് മുമ്ബാകെ ഉന്നയിച്ചിട്ടുണ്ട്. അവസാനമായി ഇതേ ആവശ്യവുമായി ജില്ല കലക്ടറുടെ മുമ്ബിലും പ്രദേശവാസികള്‍ എത്തിയിരുന്നു. കാട് വെട്ടിത്തെളിക്കാൻ കലക്ടർ ഉത്തരവിട്ടെങ്കിലും അത് ചെയ്യേണ്ടവരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയെന്നുമുണ്ടായില്ല. കാടുപിടിച്ചുകിടക്കുന്ന തോട്ടങ്ങളിലെ അടിക്കാടുകള്‍ വനം വകുപ്പോ തദ്ദേശ സ്ഥാപന അധികാരികളോ വെട്ടി വൃത്തിയാക്കണമെന്നാണ് ചട്ടം. അതേസമയം എസ്റ്റേറ്റില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അഗ്നിബാധ സ്വാഭാവികമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കേണ്ടതുണ്ട്. ഒരാള്‍ പൊക്കത്തില്‍ വളർന്നുനില്‍ക്കുന്ന കാടുകള്‍ ജനവാസ പ്രദേശങ്ങളില്‍ ഭീതി പരത്തുന്നു. നിരവധി കടുവകള്‍ കാടുപിടിച്ച്‌ കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റില്‍ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.