7 വയസുകാരായ ബാരിഷിന്‍റെയും ഫിന്‍സയുടെയും സന്ദര്‍ഭോചിത ഇടപെടല്‍, 63കാരിയുടെ സാഹസികത; 4 വയസുകാരന് പുതുജന്മം
തൃശൂര്‍: ഏഴ് വയസുകാരായ രണ്ടു കുരുന്നുകളുടെ സന്ദര്‍ഭോചിതമായ ഇടപെടലും 63കാരിയുടെ ജീവന്‍ പണയപ്പെടുത്തിയുള്ള സാഹസികതയും ഒത്തുചേര്‍ന്നപ്പോള്‍ നാലു വയസുകാരന് പുതുജന്മം.വടക്കേക്കാട് മണികണ്‌ഠേശ്വരത്താണ് നാടിനെ ഒരേ സമയം ഞെട്ടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ തെക്കേ പാട്ടയില്‍ മുഹമ്മദ് ഐസിനെയാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സിപിഎം എല്‍സി അംഗം ഷംസു കല്ലൂരിന്‍റെ മകന്‍ ബാരിഷും പിതൃ സഹോദരന്‍റെ പുത്രി ഫിന്‍സ ബിന്‍ത് ഫിറോസും ബന്ധുവായ മുഹമ്മദ് ഐസും കൂടി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മുഹമ്മദ് ഐസ് അബദ്ധത്തില്‍ കാല്‍ വഴുതി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഷംസുവിന്‍റെ സഹോദരന്‍ തെക്കേപ്പാട്ടയില്‍ മുഹമ്മദ് ഹാജിയുടെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച കിണറിന് സമീപത്തെ മോട്ടോര്‍ ഷെഡിന്‍റെ മുകളില്‍ വീണ നെല്ലിക്ക പെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് ഐസ് 18 റിങ് താഴ്ച്ചയുള്ള കിണറ്റിലേക്ക് വീണത്. ഉടനെ ബാരിഷ് മൂത്തുമ്മയായ 63 കാരി സുഹറയെ വിവരം അറിയിക്കുകയായിരുന്നു. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ കിണറിന് അരികിലേക്ക് ഓടിയെത്തിയ സുഹറ മറ്റൊന്നും ആലോചിക്കാതെ കിണറില്‍ ഇട്ടിരുന്ന പമ്ബ് സെറ്റ് ഫുട്ട് വാള്‍വ് പിടിപ്പിച്ച കയറില്‍ തൂങ്ങി കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.
തുടര്‍ന്ന് മുങ്ങി താഴുകയായിരുന്ന കുട്ടിയെ എടുത്ത് ഇരുവരും കയറില്‍ തൂങ്ങി നിന്നു. ബാരിഷ് ഓടി വന്ന് തൊട്ടടുത്ത വീട്ടിലെ ബന്ധു കൂടിയായ അഷ്‌കറിനെ വിവരം അറിയിച്ചു. ഇതോടെ അഷ്‌കറും മറ്റുള്ളവരും ചേര്‍ന്നാണ് ഇരുവരെയും കിണറ്റിന് മുകളിലേക്ക് കയറ്റിയത്. വീഴ്ചയില്‍ കുട്ടിക്ക് ഇടത്തെ ചെവിക്ക് നിസാര പരുക്കേറ്റതൊഴിച്ചാല്‍ മറ്റു ഗുരുതരമായി ഒന്നും സംഭവിച്ചില്ല. അവശരായ ഇരുവരെയും പുന്നയൂര്‍ക്കുളം ശാന്തി ഹോസ്പിറ്റലില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. വന്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആശ്വാസത്തിലാണ് കുടുംബം.