മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്, ഇലക്‌ട്രിക്: അറിയേണ്ടതെല്ലാം!


മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്, ഫ്രോങ്ക്സ് ഇലക്‌ട്രിക് തുടങ്ങിയ മാരുതി സുസുക്കി മോഡലുകളുടെ കാത്തിരിപ്പിലാണ് ഫാൻസ്.2025 മധ്യത്തോടെ ഫ്രോങ്ക്സ് ഹൈബ്രിഡ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കോംപാക്റ്റ് ക്രോസ്‌ഓവറിന്റെ ഇലക്‌ട്രിക് പതിപ്പ് 2027 ല്‍ റോഡുകളില്‍ എത്തിയേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകള്‍.

മാരുതി സുസുക്കിയുടെ സ്വന്തം ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ഉള്‍ക്കൊള്ളുന്ന ആദ്യ മോഡലായിരിക്കും പുതിയ ഫ്രോങ്ക്സ്. മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ് 1.2 ലിറ്റർ, 3-സിലിണ്ടർ Z12E പെട്രോള്‍ എഞ്ചിനുമായി വരും. ഈ എഞ്ചിൻ സ്വിഫ്റ്റ് ഹാച്ച്‌ബാക്കില്‍ നിന്ന് കടമെടുത്തതായിരിക്കും. ശക്തമായ ഹൈബ്രിഡ് സിസ്റ്റം ഇതിന് ലഭിക്കും. ഈ സജ്ജീകരണം ലിറ്ററിന് 35 കിലോമീറ്ററില്‍ കൂടുതല്‍ മികച്ച മൈലേജ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. പവർ, ടോർക്ക് കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല. 1.2 ലിറ്റർ കെ-സീരീസ് പെട്രോള്‍ എഞ്ചിനിലും കോംപാക്റ്റ് ക്രോസ്‌ഓവർ ലഭ്യമാകുന്നത് തുടരും. ഫ്രോങ്ക്സിന്റെ ഹൈബ്രിഡ് പതിപ്പില്‍ ‘ഹൈബ്രിഡ്’ ബാഡ്ജ് എക്സ്റ്റീരിയറില്‍ ഉണ്ടാകും. അതേസമയം ഡിസൈനും സ്റ്റൈലിംഗും മാറ്റമില്ലാതെ തുടരും.

അതേസമയം ടാറ്റ പഞ്ച് ഇവിക്ക് എതിരാളിയായി വരാനിരിക്കുന്ന മാരുതി സുസുക്കി ബിഇവികളില്‍ ഒന്നായിരിക്കും മാരുതി ഫ്രോങ്ക്സ് ഇലക്‌ട്രിക്. 143bhp, 49kWh, 173bhp, 61kWh ബാറ്ററി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഇ-വിറ്റാരയെക്കാള്‍ ചെറിയ ബാറ്ററി പായ്ക്ക് ഈ ഇവിയില്‍ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഫ്രോങ്ക്സ് ഇവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സമീപഭാവിയില്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് താങ്ങാവുന്ന വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എൻട്രി ലെവല്‍ വേരിയന്റിന് ഏകദേശം 12 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകള്‍.