നിരാശപ്പെടുത്തി വീണ്ടും രോഹിത്, ഗില്ലും മടങ്ങി, പ്രതീക്ഷയായി കോലിയും ശ്രേയസും; ഓസീസിനെതിരെ ഇന്ത്യ 100 കടന്നു
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം.ഓസ്ട്രേലിയക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലാണ്. 34 റണ്‍സോടെ വിരാട് കോലിയും 31 റണ്‍സോടെ ശ്രേയസ് അയ്യരും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്.
തുടക്കത്തില്‍ ഞെട്ടിച്ച് ഓസീസ്
265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് രോഹിത്തും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രണ്ട് തവണ ജീവന്‍ ലഭിച്ച രോഹിത് ഒരു സിക്സും മൂന്ന് ഫോറും പറത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഒരിക്കല്‍ കൂടി അടിതെറ്റിയ ശഭ്മാന്‍ ഗില്‍ 11 പന്തില്‍ എട്ടു റണ്‍സെടുത്ത് ഡ്വാര്‍ഷൂയിസിന്‍റെ പന്തില്‍ ബൗള്‍ഡായി. ഗില്‍ മടങ്ങുമ്ബോള്‍ ഇന്ത്യ അഞ്ചോവറില്‍ 30 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. ഗില്ലിന് പിന്നാലെ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇടം കൈയന്‍ സ്പിന്നര്‍ കൂപ്പര്‍ കൊണോലി ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. രോഹിത് റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. 29 പന്തില്‍ 28 റണ്‍സായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്‍റെ സംഭാവന. ഇതോടെ 43-2 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ശ്രേസയും കോലിയും ചേര്‍ന്ന് കരകയറ്റി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. സ്മിത്ത് പുറത്തായശേഷം മധ്യനിര തകര്‍ന്നെങ്കിലും 57 പന്തില്‍ 61 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമിയും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.