‘സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേട്’; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ കണക്കുകള്‍ നിരത്തി കേരളത്തിനെതിരെ കേന്ദ്രം


ദില്ലി: ആശാവര്‍ക്കര്‍മാരുടെ സമരം തുടരുന്നതിനിടെ പ്രതിഫലം നല്‍കുന്നതില്‍ കുടിശ്ശിക വരുത്തിയതില്‍ നല്‍കിയ തുകയുടെ കണക്കുകള്‍ നിരത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം.ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണപരാജയമാണെന്നും കഴിവില്ലായ്മയാണെന്നും കേന്ദ്രം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കേന്ദ്ര ആരാഗ്യമന്ത്രാലയം 938.80 കോടിയാണ് കേരളത്തിന് നല്‍കിയത്. വകയിരുത്തിയ 913.24 കോടിയേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിന് നല്‍കിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫല പ്രശ്നത്തില്‍ കേന്ദ്ര സർക്കാരിനെ പഴിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ച മറയ്ക്കാനാണ്. 938.80 കോടിക്ക് പുറമെ അധികമായി 120.45 കോടി രൂപ ഫെബ്രുവരി 12ന് നല്‍കി.

ഏറ്റവും പുതിയ പ്രതിഫലം നല്‍കുന്നതിനാണ് ബജറ്റില്‍ അനുവദിച്ച തുക കഴിഞ്ഞും 120.45 കോടി അധികമായി നല്‍കിയത്. കേന്ദ്രം സമയാസമയം ആശാ വര്‍ക്കര്‍മാരുടെയും അങ്കണ്‍വാടി വര്‍ക്കര്‍മാരുടെയും ശമ്ബളം വര്‍ധിപ്പിച്ചിട്ടുണ്ട്. സക്ഷം അങ്കണവാടി, പോഷൻ 2.0 പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 21200 കോടിയും, ഈ വർഷം 21960 കോടിയും വകയിരുത്തി.

കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്രം കണക്കുകള്‍ നിരത്തി പ്രസ്താവന ഇറക്കിയത്. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയില്ലെന്നും ഒരു സംസ്ഥാനത്തോടും കേന്ദ്രം ഇത്തരത്തില്‍ അവഗണന കാട്ടുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.