പെണ്‍കുട്ടികളെ യുവാവ് പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, ‘മുംബൈ പ്ലാൻ’ അറിഞ്ഞ് ഒപ്പം കൂടി, മുടി മുറിക്കുന്ന ദൃശ്യം
മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയെന്ന് സ്ഥിരീകരണം. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവർക്ക് ഒപ്പം ഒരു യുവാവ് കൂടിയുണ്ട്.കുട്ടികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരിചയപ്പെട്ടതെന്നാണ് യുവാവ് അക്ബർ റഹീം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടികളെ യുവാവ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പ്ലാൻ മനസ്സിലാക്കിയതോടെ റഹീം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്‍കിയത് കുട്ടികളാണ്. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ റഹീം തിരിച്ചുവരാൻ ഒരുങ്ങി. പൊലീസ് നിർദ്ദേശ പ്രകാരം നിലവില്‍ ഇയാള്‍ മുംബൈയില്‍ തന്നെ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
സലൂണില്‍ പെണ്‍കുട്ടികള്‍ മുടിവെട്ടി, വീഡിയോ പുറത്ത്
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെണ്‍കുട്ടികള്‍ ട്രെയിൻ മാർഗമാണ് മുംബൈയിലേക്ക് പോയത്. കുട്ടികള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് രാവിലെ 11 മണിയോടെ പനവേല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെനിന്ന് ട്രെയിൻ മാർഗ്ഗം മുംബൈ സിഎസ്ടി യില്‍ എത്തിയെന്നാണ് വിവരം. കുട്ടികള്‍ മുംബൈ സി എസ് ടി യില്‍ നിന്നും ഇപ്പോള്‍ പനവേലിലേക്ക് പോയതായി സംശയം. പനവേലില്‍ നിന്നും പത്തുമണിക്കും പത്തരയ്ക്കുമായി രണ്ട് ട്രെയിനുകള്‍ ഇനി കേരളത്തിലേക്ക് പുറപ്പെടാനുണ്ട്. ഈ ട്രെയിനുകളില്‍ പോകാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. മലയാളി അസോസിയേഷനുകള്‍ പനവേലില്‍ തിരക്കില്‍ നടത്തുകയാണ്. സമീപമുള്ള സലൂണില്‍ പെണ്‍കുട്ടികള്‍ മുടിവെട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മുംബൈ മലയാളി അസോസിയേഷന്റെ കൂടി സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.