താരിഫില്‍ ഇടഞ്ഞ് ട്രംപ്, ഇന്ത്യയ്ക്ക് വീണ്ടും വിമര്‍ശനം ഏപ്രില്‍ 2ന് തിരിച്ചടിയെന്ന് യുഎസ് ഭരണകൂടം


വാഷിംഗ്ടണ്‍: ഇന്ത്യയുടെ വ്യാപാര നയങ്ങളെ വീണ്ടും വിമർശിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ഉയർന്ന താരിഫ് രാഷ്ട്രം ആണെന്നായിരുന്നു ട്രംപിന്റെ വിമർശനം.ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക അടുത്ത മാസം രണ്ടുമുതല്‍ പരസ്പര തീരുവ ചുമത്തുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇതില്‍ തന്റെ ഭരണകൂടം ആസൂത്രണം ചെയ്തിട്ടുള്ള തീരുവകളില്‍ വലിയ ഒന്നായിരിക്കും ഇന്ത്യക്കുള്ളതെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നയത്തെക്കുറിച്ച്‌ അമേരിക്കൻ ഭരണകൂടവുമായി ചർച്ച ചെയ്യാൻ ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ വാഷിംഗ്ടണില്‍ എത്തിയപ്പോഴാണ് ഈ പരാമർശങ്ങള്‍.

യുഎസുമായി താരതമ്യപ്പെടുത്തുമ്ബോള്‍ അമേരിക്കൻ ഇറക്കുമതികള്‍ക്ക് ഉയർന്ന താരിഫാണ് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ളത്. പരസ്പരം തീരുവ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കണ്ണിനു പകരം കണ്ണ് എന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നതെങ്കില്‍ അതിന്‍റെ പ്രത്യാഘാതം ഇന്ത്യയായയിരിക്കൂം കൂടുതല്‍ അൻുഭവിക്കേണ്ടി വരിക എന്നു ചുരുക്കം. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഏറ്റവുമധികം തീരുവ ചുമത്തുന്ന രണ്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്, മറ്റൊന്ന് തായ്‌ലൻഡും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തുന്ന തീരുവയേക്കാള്‍ 10 ശതമാനത്തില്‍ കൂടുതലാണ് ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഈടാക്കുന്നത്. പരസ്പരം ഏര്‍പ്പെടുത്തുന്ന തീരുവയിലെ ഈ അസമത്വം നേരിടാന്‍ അമേരിക്ക തീരുമാനിച്ചാല്‍ നാല് മുതല്‍ 6 ശതമാനം വരെ തീരുവ വര്‍ദ്ധന നേരിടേണ്ടി വന്നേക്കാവുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയും തായ്‌ലൻഡും ഉള്‍പ്പെടുന്നു.

വ്യാപാരയുദ്ധത്തിൻ്റെ ആശങ്കകള്‍ക്കിടയില്‍ കഴിഞ്ഞ ആഴ്ച, അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങള്‍ ലഘൂകരിക്കുന്നതിന് കേന്ദ്രം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ മോട്ടോർസൈക്കിളുകള്‍, വിസ്‌കി എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറച്ചിട്ടുണ്ട്.