പരിശീലനത്തിനിടെ വിരാട് കോലിക്ക് പരിക്ക്, പരിശീലനം നിര്‍ത്തിവച്ചു! ഗംഭീറിന്റെ പ്രതികരണം അറിയാം


ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ നാളെ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇറങ്ങുന്നത്.രോഹിത്തും കൂട്ടരും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നതിന് മുമ്ബ് ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ ജയിക്കുകയും ചെയ്തു.

എന്നാല്‍ മത്സരത്തിന് മുമ്ബ് ഇന്ത്യയ്ക്ക് വലിയ പരിക്ക് ഭീഷണിയുണ്ട്. പരിശീലനത്തിനിടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോ്ലിയുടെ കാല്‍മുട്ടിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരു ഫാസ്റ്റ് ബൗളറുടെ പന്ത് കോലിയുടെ കാല്‍മുട്ടില്‍ തട്ടുകയായിരുന്നുവെന്ന് ജിയോ ടിവി വിശദീകരിച്ചു. അദ്ദേഹം പെട്ടെന്ന് പരിശീലനം നിര്‍ത്തി, ഫിസിയോ അദ്ദേഹത്തെ പരിശോധിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പരിക്കേറ്റ ഭാഗത്ത് ബാന്‍ഡേജ് കെട്ടുകയും ചെയ്തു. അതിനുശേഷം കോ്ലി ബാറ്റ് ചെയ്തില്ലെങ്കിലും, പരിക്ക് ഗുരുതരമല്ലെന്നും കോലി ഫൈനല്‍ കളിക്കുമെന്നും ഇന്ത്യന്‍ കോച്ചിംഗ് സ്റ്റാഫ് വ്യക്തമാക്കി.

അതേസമയം, കോലി തന്റെ ഫോം തുടര്‍ന്നാല്‍ 2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യ നേടുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഇതൊരു വലിയ മത്സരമാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കുന്ന രീതി നോക്കുമ്ബോള്‍, കിരീടം നേടുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതുവരെ ഇന്ത്യ എല്ലാ മത്സരങ്ങളിലും വിജയിച്ചു. എല്ലാവരും അവരുടെ സംഭാവനകള്‍ നല്‍കുന്നുണ്ട്. അവര്‍ ഒരു നല്ല ടീമിനെപ്പോലെയാണ് കളിക്കുന്നത്. അതിനാല്‍ ടീം കിരീടം നേടുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്.” രാജ്കുമാര്‍ പറഞ്ഞു.കോലിയുടെ മികച്ച ഫോം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും, ഫൈനലിലും കോലി മികച്ച പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യ കിരീടം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ”കോലി തന്റെ ഫോം തുടരുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം ഇതുപോലെ കളിക്കുന്നത് തുടര്‍ന്നാല്‍, ഇന്ത്യ തീര്‍ച്ചയായും ഫൈനല്‍ ജയിക്കും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.