ചാമ്ബ്യൻസ് ട്രോഫി ഫൈനല്‍:രോഹിത് ഇത്തവണയും ടോസില്‍ തോല്‍ക്കണമെന്ന് അശ്വിന്‍; അത് പറയാനൊരു കാരണമുണ്ട്


ദുബായ്: ചാമ്ബ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ മത്സരത്തിലെ നിര്‍ണായക ടോസ് ആര് നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.ഏകദിനങ്ങളില്‍ തുടര്‍ച്ചയയി 12 ടോസുകള്‍ കൈവിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇത്തവണയെങ്കിലും ടോസിലെ ഭാഗ്യം തുണക്കണെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. ഇതിനിടെ ഇന്ന് രോഹിത് ടോസ് തോല്‍ക്കുന്നതാണ് നല്ലതെന്ന വിചിത്ര നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍.

എന്‍റെ അഭിപ്രായത്തില്‍ ഇന്ത്യ ഇന്ന് ടോസ് ജയിക്കാനായി ശ്രമിക്കരുത്. ടോസ് ഇന്ത്യക്ക് നഷ്ടമാവട്ടെ, എന്നിട്ട് ന്യൂസിലന്‍ഡ് തീരുമാനിക്കട്ടെ ബാറ്റ് ചെയ്യണോ ഫീല്‍ഡ് ചെയ്യണോ എന്ന്. ഇന്ന് ടോസ് നേടിയാല്‍ ന്യൂസിലന്‍ഡ് ആകും ശരിക്കും അശയക്കുഴപ്പത്തിലാകുക. കാരണം, ഇന്ത്യ ഇവിടെ ആദ്യം ബാറ്റ് ചെയ്തും പിനതുടര്‍ന്നും ജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്ത് തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ ന്യൂസിലന്‍ഡ് ആകും കുഴങ്ങുക എന്നും അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാകുമെന്നും അശ്വിന്‍ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചതിന്‍റെ നേരിയ മുന്‍തൂക്കം മാത്രമെ ഇന്ന് ഇന്ത്യക്കുണ്ടാകു. വ്യക്തിപരമായി പറഞ്ഞാല്‍ ഇന്ത്യക്ക് 54 ശതമാനവും ന്യൂസിലന്‍ഡിന് 46 ശതമാനവും സാധ്യതയാണ് ഞാന്‍ കാണുന്നത്. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ മുമ്ബും ഇന്ത്യയെ വെള്ളംകുടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കിവീസ് കരുത്തരായ എതിരാളികളാണെന്നും അശ്വിന്‍ പറഞ്ഞു.

ഇന്നത്തെ കിരീടപ്പോരാട്ടത്തില്‍ ഏറ്റവും ആവേശകരമായ പോരാട്ടം കെയ്ന്‍ വില്യംസണും രവീന്ദ്ര ജഡേജയും തമ്മിലായിരിക്കുമെന്നും അശ്വിന്‍ പറഞ്ഞു. ജഡേജയെ നേരിടാൻ വില്യംസണ്‍ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. ജഡേജക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ വില്യംസണ്‍ ശ്രമിക്കുമെന്നതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഇരുവരും തമ്മില്‍ കടുത്ത പോരാട്ടം പ്രതീക്ഷിക്കാമെന്നും ഗ്രൗണ്ടില്‍ അവര്‍ ടോം ആന്‍ഡ് ജെറി പോലെ ആയിരിക്കുമെന്നും അശ്വിന്‍ പറഞ്ഞു.

മറ്റ് സ്പിന്നര്‍മാരെക്കാള്‍ വേഗതയില്‍ പന്തെറിയുന്ന ബൗളറാണ് ജഡേജ. അതുകൊണ്ട് തന്നെ ജഡേജക്കെതിരെ കട്ട് ഷോട്ടുകളോ സ്വീപ്പ് ഷോട്ടുകളോ കളിക്കുക എളുപ്പമല്ല. സ്ലോഗ് സ്വീപ്പ് കളിക്കുകയാണ് പിന്നെയുള്ള വഴി. വില്യംസണെതിരെ ഒരിക്കലും വേഗത കുറച്ച്‌ പന്തെറിയാന്‍ ശ്രമിക്കാറില്ലെന്നത് ജഡേജക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും അശ്വിന്‍ പറഞ്ഞു.