‘ഇനി നമുക്ക് വിരമിക്കേണ്ടിവരില്ലല്ലോ’, വിജയനിമിഷത്തില്‍ വിരാട് കോലിയോട് രോഹിത് ശര്‍മ
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയശേഷം വിരാട് കോലിക്കൊപ്പമുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആഘോഷം ആരാധകര്‍ ഏറ്റെടുത്തതാണ്.ജഡേജയുടെ ബാറ്റില്‍ നിന്ന് വിജയറണ്‍ പിറന്നതിന് പിന്നാലെ പരസ്പരം ആലിംഗനം ചെയ്ത ഇരുവരും ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി. പിന്നീട് സ്റ്റംപുകള്‍ കൈക്കലാക്കിയശേഷം ഗ്രൗണ്ടില്‍ കുട്ടികളെപ്പോലെ തുള്ളിച്ചാടി ദണ്ഡിയ നൃത്തം ചവിട്ടി ആഘോഷിച്ചു. ഇതിനിശേഷം കോലിയുടെ അടുത്തെത്തിയ രോഹിത് പറഞ്ഞ വാക്കുകള്‍ ക്യാമറകള്‍ പിടിച്ചെടുക്കുകയും ചെയ്കു. ഇനി നമുക്ക് വിരമിക്കേണ്ടിവരില്ലല്ലോ എന്നായിരുന്നു ചിരിയോടെ കോലിയെ ചേര്‍ത്തുപിടിച്ച് രോഹിത് പറഞ്ഞത്. രോഹിത്തിന്‍റെ വാക്കുകള്‍ക്ക് അതെയെന്ന അര്‍ത്ഥത്തില്‍ കോലി തലയാട്ടുകയും ചെയ്തു.
ചാമ്ബ്യൻസ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്ത് രണ്ടാം ഐസിസി കിരീടം നേടിയ രോഹിത് കിരീടപ്പോരിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ, ആരും ചോദിക്കാതെ തന്നെ ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ രോഹിത്. ഞാന്‍ ഏകദിനങ്ങളില്‍ നിന്ന് വിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നും വ്യക്തമാക്കി.ചാമ്ബ്യൻസ് ട്രോഫിക്ക് മുമ്ബ് നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം ഫോമിന് പിന്നാലെ രോഹിത് ടെസ്റ്റില്‍ നിന്നും ചാമ്ബ്യൻസ് ട്രോഫി കിരീടം നേടിയാല്‍ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.