പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു, വീട്ടില്‍ നിര്‍ത്തിയിട്ട ഇന്നോവയടക്കമുള്ള വാഹനങ്ങള്‍ കത്തിനശിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിന് സമീപം വീടിനു മുന്നില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. കുളത്തൂർ കോരാളം കുഴിയില്‍ ഗീതുഭവനില്‍ രാകേഷിന്‍റെ വീടിനു മുന്നില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും റോയല്‍ എൻഫീല്‍ഡ് ബുള്ളറ്റും സൈക്കിളും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നത്.

വീട്ടിനു മുന്നില്‍ വലിയ തീ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. അപ്പോഴേയ്ക്കും സ്കൂട്ടറുകള്‍ പൂർണമായും കത്തിയിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരുകാർ ഉടൻ തന്നെ പുറത്തേയ്ക്ക് മാറ്റി. തുടര്‍ന്ന് കഴക്കൂട്ടം ഫയർ ഫോഴ്സിലും തുമ്ബ സ്റ്റേഷനിലും വിവരമറിയിച്ചു. അഗ്നി രക്ഷാസേനയെത്തി തീയണച്ചപ്പോഴേയ്ക്കും ബുള്ളറ്റും പൂർണമായും കാർ ഭാഗികമായും കത്തിയിരുന്നു. പുറത്തു നിന്നാരോ തീയിട്ടതായാണ് പൊലീസ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്. തുമ്ബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.