Fincat

ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച്‌ അന്തരിച്ചു


കോട്ടയം: ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ.കെ കൊച്ച്‌ (76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കാൻസർ ബാധിതനായി പാലിയേറ്റീവ് ചികിത്സയില്‍ ആയിരുന്നു.1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു ജനനം. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു കെകെ കൊച്ച്‌. ഇതിനിടയിലാണ് ഇന്ന് രാവിലെ അദ്ദേഹം മരണപ്പെടുന്നത്.

കേരളത്തിലെ ദളിത് മുന്നോക്ക പോരാട്ടങ്ങള്‍ക്ക് വേണ്ടി ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങള്‍ നടത്തിയിരുന്ന ആളാണ് കെകെ കൊച്ച്‌. എഴുത്തുകാരനായും ചിന്തകനായും മികച്ച പ്രാസംഗികനായും സമൂഹത്തില്‍ വലിയ ഇടപെടലുകള്‍ നടത്തിയിരുന്നു. 2021ല്‍ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. ‘ദലിതൻ’ എന്ന ആത്മകഥ ശ്രദ്ധേയമാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, കേരള ചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, കലാപവും സംസ്കാരവും തുടങ്ങിയവയാണ് മറ്റ് കൃതികള്‍.

കെഎസ്‌ആർടിസിയിലെ സീനിയർ അസിസ്റ്റന്‍റ് ആയാണ് കെകെ കൊച്ച്‌ വിരമിച്ചത്. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കിയിരുന്ന കെകെ കൊച്ച്‌ 1986 ല്‍ സീഡിയന്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു.