വയനാട് പുനരധിവാസം: പരാതികള്‍ പരിശോധിക്കും, ലിസ്റ്റില്‍ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ അനാസ്ഥ : മന്ത്രി രാജൻ
കല്‍പ്പറ്റ : വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.പുനരധിവാസം സംബന്ധിച്ച ലിസ്റ്റില്‍ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ അനാസ്ഥയായിരുന്നു. അത് പരിഹരിച്ചു. മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന ആരെയും ഒഴിവാക്കില്ല. മാനുഷിക പരിഗണന വച്ച് തന്നെ പുനരധിവാസം നടത്തും. ഡിഡിഎംഎയ്ക്ക് മുന്നിലുള്ള പരാതികള്‍ സർക്കാരിന്റെ മുന്നിലേക്ക് വരുമ്ബോള്‍ അനുഭാവപൂർവം പരിഗണിക്കും. 7 സെൻ്റ് ഭൂമിയും വീടും എന്നതാണ് നിലവിലെ നിബന്ധന. ഇതനുസരിച്ചാണ് പുനരധിവാസം മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചൂരല്‍മലയില്‍ 120 കോടി മുടക്കി 8 റോഡുകള്‍ പണിയുകയാണ്. 38 കോടിയാണ് പാലം പുനർനിർമിക്കാൻ എസ്റ്റിമേറ്റ് കണക്കാക്കുന്നത്. വൈദ്യുതി വിതരണം അണ്ടർ കേബിള്‍ വഴിയാക്കും. ചൂരല്‍മല ടൗണിനെ ഒറ്റപ്പെട്ട് പോകാതെ റി ഡിസൈനിംഗ് ചെയ്യും.
ദുരിത ബാധിതർക്കുള്ള 300 രൂപ സഹായം 9 മാസത്തേക്ക് നീട്ടിയിരുന്നു. അത് ഈ മാസം മുതല്‍ തന്നെ മുൻകാല്‍ പ്രാബല്യത്തോടെ കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കും. പരിക്കേറ്റവരുടെ തുടർ ചികിത്സ സർക്കാർ തന്നെ വഹിക്കും.
ദുരിതബാധിതരുടെ കടം എഴുതി തള്ളുന്നത് സംബന്ധിച്ച് കേന്ദ്രം ഇതുവരെയും അനുകൂല നിലപാട് എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരും മുഖ്യമന്ത്രിയും ദുരന്ത സ്ഥലത്ത് ആദ്യം എത്തിയില്ലെന്ന മലയാളിയായ കേന്ദ്ര മന്ത്രിയുടെ പരാമർശം അവാസ്തവമാണെന്നും രാജൻ കുറ്റപ്പെടുത്തി.
സമരം ചെയ്യുന്ന ദുരിതബാധിതരോട് ഒരു വിരോധവുമില്ല. സമരക്കാർ അവരുടെ ആശങ്കകളാണ് ഉന്നയിക്കുന്നത്. സ്വന്തമായി വീടുകള്‍ വെച്ച് നല്‍കുന്ന പാർട്ടികളോടും സംഘടനകളോടും ശത്രുത മനോഭാവം പുലർത്തില്ല . ദുരന്ത ഭൂമിയിലെ മാലിന്യം ഏപ്രില്‍ മുതല്‍ നീക്കാൻ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.